പള്‍സര്‍ സുനിയെ നടന്‍ മുകേഷ് ഒഴിവാക്കിയത് എന്തുകൊണ്ട്?; മുകേഷിനെ പോലീസ് ചോദ്യംചെയ്യും

single-img
12 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നടനും എംഎല്‍എയുമായ മുകേഷിലേക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ, ദിലീപിന്റെ അനുജന്‍ അനൂപിനേയും നാദിര്‍ഷയേയും ദിലീപുമായി അടുപ്പമുള്ള മറ്റുചിലരെയും ഇന്ന് ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മുകേഷിന്റെ ഡ്രൈവറായി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ പിന്നീട് മുകേഷ് ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. സുനിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നും മുകേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനിയെ ജോലിയില്‍നിന്ന് പുറത്താക്കിയതിനു പിന്നിലുള്ള യഥാര്‍ത്ഥ സാഹചര്യം എന്തായിരുന്നു എന്ന് പോലീസ് അന്വേഷിക്കും.

ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.

മാനേജര്‍ അപ്പുണ്ണിയും നാദിര്‍ഷയും കേസില്‍ പ്രതികളാകുമെന്നും സൂചനയുണ്ട്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പള്‍സര്‍ സുനിയുടെ കത്ത് വിഷ്ണു അയച്ച് നല്‍കുകയായിരുന്നു എന്ന നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

നാദിര്‍ഷയും ദിലീപും തമ്മിലുള്ള ഫോണ്‍കോളുകളിലും പോലീസിന് സംശയമുണ്ട്. ഒരു ദിവസം മൂന്ന് തവണ പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാന്‍ നാദിര്‍ഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിര്‍ഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ പോലീസ് ചോദ്യംചെയ്യുന്നത്.

ദിലീപിന്റെ അനുജന്‍ അനൂപ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 14ന് ഏലൂരില്‍ വെച്ചാണ് ഇരുവരും നേരിട്ട് കണ്ടതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പള്‍സര്‍ സുനി കൊടുത്തയച്ച കത്ത് നല്‍കാന്‍ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദിലീപിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിക്കുന്നത് അനൂപില്‍ നിന്നാണ്.

ആദ്യഘട്ടത്തില്‍ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പോലീസ് ചോദ്യംചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ദിലീപ് മാറിയ പശ്ചാത്തലത്തിലാണ് സിനിമ മേഖലയില്‍നിന്നുള്ള കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുന്നത്. ആന്റോ ജോസഫ് അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.