കൊതുകിനെ കൊന്നൊടുക്കി താരരാജാവിന്റെ ‘ആദ്യരാത്രി’: പായവിരിച്ച് തറയില്‍ കിടന്ന ദിലീപിന് കൂട്ട് കൊലക്കേസ് പ്രതിയും മോഷണക്കേസ് പ്രതികളും

single-img
12 July 2017

ഇതുവരെ പട്ടുമെത്തയില്‍ കിടന്നുറങ്ങിയ സൂപ്പര്‍ താരം ഇന്നലെ കിടന്നത് പായവിരിച്ച് തറയില്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ ഇന്നലെ അന്തിയുറങ്ങിയത് കൊതുകിനെയടിച്ചും ചൊറിഞ്ഞും പരിതപിച്ചും.

523–ാം നമ്പര്‍ റിമാന്‍ഡ് തടവുകാരന്‍ മാത്രമായിരുന്നു ആലുവ സബ്ജയിലില്‍ ദിലീപ്. ഒട്ടേറെ സിനിമകളില്‍ തടവുപുള്ളിയായി വേഷമിട്ട നായകന്‍ സ്വന്തം നാട്ടിലെ ജയിലില്‍ അന്തിയുറങ്ങിയപ്പോള്‍ കൂട്ടിനുണ്ടായിരുന്നത് ഒഡീഷ സ്വദേശിയായ കൊലക്കേസ് പ്രതിയും മൂന്നു മോഷണക്കേസ് പ്രതികളും.

ജയിലിലെ രാത്രി ഭക്ഷണം വിളമ്പുന്നതു വൈകിട്ട് അഞ്ചിനാണ്. ചോറും രസവും പുഴുക്കുമായിരുന്നു ഇന്നലെ. ഭക്ഷണം വേണ്ടെന്നു ദിലീപ് പറഞ്ഞെങ്കിലും ഭക്ഷണം നിരസിക്കുന്നതു ശരിയായ കീഴ്‌വഴക്കമല്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതോടെ അതുവാങ്ങി കഴിച്ചു. രാത്രി ഒന്‍പതിനു കിടന്നിരിക്കണമെന്നാണു ജയില്‍ ചട്ടമെന്നതിനാല്‍ ഒന്‍പതിനു തന്നെ ദിലീപും ഉറങ്ങാന്‍ കിടന്നു.

ഇന്നലെ രാവിലെ എട്ടേകാലോടെയാണു ദിലീപ് ജയിലില്‍ എത്തിയത്. ജയിലിലെ പ്രഭാതഭക്ഷണ സമയം ഏഴിനായതിനാല്‍ ഭക്ഷണം വാങ്ങി നല്‍കിയശേഷമാണു പൊലീസുകാര്‍ ദിലീപിനെ ജയിലിലെത്തിച്ചത്. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്. റിമാന്‍ഡ് തടവുകാരനായതിനാല്‍ ജയില്‍വേഷം ധരിക്കേണ്ടിവന്നില്ല. ജയില്‍ അധികൃതര്‍ അനുവദിച്ച പായ് വിരിച്ച് തറയില്‍ കിടന്ന് ഉച്ചവരെ ദിലീപ് ഉറങ്ങി. തലേന്നു രാത്രിയില്‍ ഉറങ്ങാനാകാത്തതിന്റെ ക്ഷീണമുണ്ടായിരുന്നു നടന്.

ഉച്ചയ്ക്ക് ചോറും പച്ചക്കറിയുമായിരുന്നു ഭക്ഷണം. മടി കൂടാതെ ഇതു കഴിച്ചു വീണ്ടും ദിലീപ് സെല്ലില്‍ മൗനിയായി. വായിക്കാന്‍ പത്രമോ, പുസ്തകമോ വേണോ എന്നു തിരക്കി ഉദ്യോഗസ്ഥര്‍ അടുത്തെത്തി. ഇപ്പോള്‍ ഒന്നും വായിക്കുന്നില്ലെന്നായിരുന്നു മറുപടി. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ഉദ്യോഗസ്ഥരോടു പറഞ്ഞെങ്കിലും സഹതടവുകാരുമായി അധികം സംസാരത്തിനു മുതിര്‍ന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മറ്റ് അഞ്ചു പ്രതികള്‍ സബ് ജയിലില്‍ ഉണ്ടെങ്കിലും ഇവരും ദിലീപും തമ്മില്‍ ഇന്നലെ കണ്ടില്ല. ദിലീപ് ജനിച്ചു വളര്‍ന്ന സ്വന്തം വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ദിലീപ് റിമാന്‍ഡില്‍ കഴിയുന്നത് എന്ന പ്രത്യേകതയുമുണ്ട്.