തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍: ‘നിയമനത്തില്‍ അപാകതയില്ല’

single-img
11 July 2017

കൊച്ചി: എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണ വിധേയനായ തച്ചങ്കരിക്ക് പോലീസ് ആസ്ഥാനത്തിന്റെ ചുമതല നല്‍കിയത് ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം. തച്ചങ്കരിയുടെ നിയമനത്തില്‍ അപാകതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

നിയമപരമായാണ് തച്ചങ്കരിയുടെ നിയമനമെന്നും സര്‍ക്കാര്‍ പറഞ്ഞു. തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ നിന്നും തച്ചങ്കരി ഫയല്‍ കടത്തിയെന്ന ആരോപണവും സര്‍ക്കാര്‍ തള്ളി. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ടി ബ്രാഞ്ചിലെ ഫയലുകള്‍ ഓഡിറ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെയും തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ട്രാന്‍സ്‌പോര്‍ട്ട് കോഴക്കേസുമായി ബന്ധപ്പെട്ട് തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യാന്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരത്തിലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസ് അന്വേഷണം ആരംഭിക്കുമ്പോള്‍ അദ്ദേഹം മറ്റൊരു പദവിയിലേക്ക് മാറിയിരുന്നു. ആ പദവിയില്‍ അദ്ദേഹം തുടരുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തച്ചങ്കരിക്കെതിരായ വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.