കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ

single-img
11 July 2017

ന്യൂഡല്‍ഹി: കന്നുകാലികളുടെ വില്‍പന നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. രാജ്യവ്യാപക സ്റ്റേയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു മാസത്തേക്കാണ് സ്റ്റേ. വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

കേന്ദ്രത്തിന്റെ നടപടി രാജ്യ വ്യാപകമായി തിരിച്ചടികള്‍ ഉണ്ടാക്കുമെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. ഇത് സുപ്രീംകോടതി അംഗീകരിച്ചു. ആഗസ്റ്റില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വിജ്ഞാപനം പുതുക്കിയതിനു ശേഷം പരാതികളുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹര്‍ജിക്കാരോട് കോടതി വ്യക്തമാക്കി.

കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നാലാഴ്ചത്തേക്കാണ് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സെല്‍വ ഗോമതി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.