ക്രെഡിറ്റ്കാര്‍ഡ് ഉപയോഗം സുരക്ഷിതമോ?; പുതിയ തട്ടിപ്പ് ഗൂഗിളിന്റെ മറവിലും

single-img
11 July 2017

ഗൂഗിളിന്റെ മറവില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. നെറ്റ് വര്‍ക്ക് തലത്തില്‍ പ്രവര്‍ത്തിക്കുകയും സേഫ് കമ്പ്യൂട്ടിങ് നടത്താന്‍ ബോധവല്‍കരണം നടത്തുകയും ചെയ്യുന്ന യുവ എന്‍ജിനീയറായ ശ്യാം ലാല്‍ ടി പുഷ്പനാണ് ഇത്തവണ തട്ടിപ്പിനിരയായത്. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ പേരില്‍ ഫോണില്‍ കിട്ടിയ സന്ദേശം വായിച്ചപ്പോഴാണ് ശ്യാംലാല്‍ താന്‍ തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടത്. അതിലെ സന്ദേശം ഇപ്രകാരമായിരുന്നു. ”നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും നൂറു ഡോളര്‍ ഗൂഗിളിന് കൈമാറിയിരിക്കുന്നു”.

പലതരം ഗൂഗിള്‍ ആന്‍ഡ് വേര്‍ഡ് ഇടപാടുകള്‍ നടത്തുന്നയാളെന്ന നിലയില്‍ അവഗണിക്കാവുന്ന ഒരു സന്ദേശം. പക്ഷെ [email protected] എന്ന പേരില്‍ വന്ന സന്ദേശത്തിന് എന്തോ അസ്വാഭാവികതയുണ്ടെന്ന് ശ്യാം ലാല്‍ ഉടന്‍ തന്നെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ തന്റെ ഗൂഗിള്‍ആന്റ് വേര്‍ഡ് അക്കൗണ്ട് അല്ല കാശ് പിന്‍വലിച്ചതെന്ന് ശ്യാം ലാല്‍ മനസ്സിലാക്കി.

ഏങ്ങനെ കാശ് നഷ്ടപ്പെട്ടുവെന്ന തുടരന്വേഷണത്തിലാണ് ഇത് ഒരു ക്രെഡിറ്റ് കാര്‍ഡ് ഹാക്ക് ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇ മാര്‍ക്കറ്റിങ് നടത്തുന്നവരില്‍ നിന്നും ഇത്തരത്തില്‍ ചെറിയ തുക പേയ്‌മെന്റായി പിന്‍വലിച്ചു കോടികളുടെ തട്ടിപ്പു നടത്തുന്ന ഒരു ശൃംഖലയാണ് ഇതിനു പിന്നിലെന്നാണ് കണ്ടെത്തിയത്.

സ്വന്തം ലാപ്‌ടോപ്പ് വഴി സുരക്ഷിതമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയിരുന്ന ശ്യാം ലാല്‍ കടകളില്‍ നടത്തുന്ന കാര്‍ഡ് ഉപയോഗം സുരക്ഷിതമല്ലെന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ഓര്‍മ്മപ്പെടുത്തുന്നു. വണ്‍ ടൈം പാസ് വേര്‍ഡ്(ഒ.ടി.പി) ചോദിക്കാതെയുള്ള സേവനങ്ങളില്‍ പലതും ഇത്തരത്തിലുള്ള തട്ടിപ്പിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതായും ശ്യാം ലാല്‍ പറയുന്നു.

തട്ടിപ്പു നടന്ന് താന്‍ മണ്ടനായെന്ന് മറ്റുള്ളവര്‍ ചിന്തിച്ചാലോയെന്നു കരുതി മൗനം പൂണ്ടിരിക്കാതെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഡ് കമ്പനിയുമായി ബന്ധപ്പെട്ടാല്‍ ഇടപാട് മരവിപ്പിക്കാനും കാശ് നഷ്ടപ്പെടാതിരിക്കാനും സാധിക്കും. ഇന്റര്‍നാഷ്ണല്‍ ട്രാന്‍സാക്ഷനു വരെ ഒ.ടി.പിയോ പിന്‍ നമ്പറോ ആവശ്യമില്ലാതിരിക്കുകയും മൂന്നക്ക നമ്പറായ ക്യാഷ് വെരിഫിക്കേഷന്‍ വാല്യു (സി.സി.വി) മാത്രം മതിയെന്നിരിക്കെ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതെ ജാഗ്രതപാലിക്കണം എന്നും ഐടി വിദഗ്ദ്ധനായ ശ്യാം ലാല്‍ ടി പുഷ്പന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.