കോഴിക്കച്ചവട ലോബിയെ മുട്ടുകുത്തിച്ച് ധനമന്ത്രി; 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍

single-img
11 July 2017


തിരുവനന്തപുരം: ജിഎസ്ടിയിലെ നികുതിയിളവനുസരിച്ച് ഇറച്ചി കോഴികളെ വില്‍ക്കാനാവില്ലെന്ന നിലപാടില്‍ സംസ്ഥാനത്ത് കോഴിക്കച്ചവടക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ധനമന്ത്രി തോമസ് ഐസക്കുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇറച്ചിക്കോഴിക്ക് 87 രൂപ നിരക്കില്‍ വില്‍പ്പന നടത്താമെന്ന് വ്യാപാരികള്‍ സമ്മതിച്ചു. ഡ്രസ് ചെയ്ത കോഴി 158 രൂപയ്ക്ക് വില്‍ക്കാനും ധാരണയായി.

അതേ സമയം ഇറച്ചി മുറിച്ച് നല്‍കുന്നതിന് കടക്കാര്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാം. ഇനിയുള്ള വിലനിലവാരം കെപ്‌കോ ഈടാക്കുന്ന വില അനുസരിച്ച് നിശ്ചയിക്കും. അടുത്ത ദിവസം മുതല്‍ ഇറച്ചിക്കോഴി 87 രൂപ നിരക്കില്‍ കടകളില്‍ നിന്ന് ലഭിക്കുമെന്നും വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ ഏഴ് ലക്ഷം കോഴികളെ മാത്രമെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത് ഒരുകോടിയാക്കും. കുറഞ്ഞത് 30 രൂപയ്ക്ക് സര്‍ക്കാര്‍ ഹാച്ചറികളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. കേരളത്തിന് ആവശ്യമായ മൂന്നില്‍ ഒന്ന് ഇറച്ചിക്കോഴികളെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോഴി കിലോയ്ക്ക് 87 രൂപയ്ക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതലാണ് കോഴിക്കടകള്‍ അടച്ചിട്ട് കേരള പൗള്‍ട്രി ഫാം ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരം തുടങ്ങിയത്. കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കിയ സാഹചര്യത്തില്‍ ജിഎസ്ടി നടപ്പാക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ജൂണ്‍ 30 ലെ വിലനിലവാരമായ 102 രൂപയില്‍ നിന്ന് വാറ്റ് നികുതി കുറച്ച് 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ചര്‍ച്ചയ്‌ക്കൊടുവില്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറാവുകയായിരുന്നു.