പള്‍സറിന് ജാമ്യം കിട്ടുമോ?; കോടതി വിധി നാളെ: പോലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് അഡ്വ. ആളൂര്‍

single-img
10 July 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് സുനിയെയും സഹതടവുകാരെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. അഭിഭാഷകന്‍ അഡ്വ.ആളൂരിന് പള്‍സര്‍ സുനിയുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. അഞ്ച് മിനിട്ട് നേരം സുനിയുമായി സംസാരിച്ച ആളൂര്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചു.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസ് അന്വേഷണത്തിനായാണ് സുനിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ സുനിയെ ചോദ്യം ചെയ്യുന്നത് മുഴുവന്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണെന്നും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്ന് പറഞ്ഞ പോലീസ് ഒരിക്കല്‍ പോലും പ്രതിയെ കേരളത്തിന് പുറത്തുകൊണ്ടുപോയില്ലെന്നും അഡ്വ.ആളൂര്‍ വാദിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിക്കെതിരേ നടപടി വേണമെന്നും ആളൂര്‍ കോടതിയോട് ആവശ്യപ്പെട്ടു.

അതിനിടെ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിനായി നിയമോപദേശവും തേടിയിട്ടുണ്ട്. ഈ കേസില്‍ നേരത്തെ 13 ദിവസം പൊലീസ് കസ്റ്റഡി അനുവദിച്ചിരുന്നു. ഇനിയും കസ്റ്റഡി അനുവദിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയെ ധരിപ്പിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് ആലോചന. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തനിക്ക് രഹസ്യമൊഴി നല്‍കണമെന്ന് സുനി കോടതിയോട് ആവശ്യപ്പെടും. ഇക്കാര്യം ചൂണ്ടിക്കാട്ടി സുനി ഈ മാസം 19 ന് അങ്കമാലി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.