ഇന്നുമുതല്‍ ചിക്കന്‍ വിഭവങ്ങള്‍ ഇല്ല; ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ച് കച്ചവടക്കാര്‍

single-img
10 July 2017

കോഴി വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോഴിവ്യാപാരികള്‍ സമരത്തില്‍. 87 രൂപക്ക് മാത്രമേ കോഴി വില്‍ക്കാവൂവെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാതെയാണ് കോഴിവ്യാപാരികള്‍ കടയടച്ചിടുന്നത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കച്ചവടക്കാര്‍ ഇന്നലെ അര്‍ധരാത്രിയില്‍ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് മാറ്റി. ഒട്ടേറെ ലോഡുകളാണ് രാത്രി അതിര്‍ത്തി കടന്നുപോയത്. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ 110 രൂപയാണ് ഇറച്ചിക്കോഴി വില.

ജിഎസ്ടി നിലവില്‍ വന്നതോടെ നികുതി പൂര്‍ണമായും ഒഴിവായതിനാല്‍ കോഴിവില 87 രൂപയായി കുറയ്ക്കണമെന്നാണ് ധനമന്ത്രിയുടെ നിലപാട്. എന്നാല്‍ 87 രൂപയ്ക്ക് കേരളത്തില്‍ കോഴികളെ വില്‍ക്കാന്‍ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ജിഎസ്ടിയല്ല, കോഴിയുടെ ദൌര്‍ലഭ്യമാണ് വിലക്കയറ്റമുണ്ടാക്കിയതെന്നാണ് വ്യാപാരികളുടെ പക്ഷം.

അതിനിടെ, കെപ്‌കോയെയും കോഴികളെ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള വില്‍പ്പനയും തടയും. വന്‍കിട കമ്പനിസ്റ്റാളുകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്ന് കേരള പൗള്‍ട്രി ഫെഡറേഷനും വ്യക്തമാക്കി.