സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി: കേന്ദ്ര തീരുമാനം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്

single-img
9 July 2017

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് കേന്ദ്ര നിര്‍ദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വേഗത്തിലുള്ള നടപടി ഉണ്ടായത്.

കേന്ദ്ര ആരോഗ്യ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സുര്‍ജിത് സിങ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫിസര്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കുകയായിരുന്നു. നാളെ രാവിലെ ഒന്‍പതരയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. നേരത്തെ, കേന്ദ്ര നിബന്ധനകള്‍ കര്‍ശനമാക്കിയതു കാരണം മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തടസമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടത്.

വിദേശത്തുനിന്നു മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന വ്യവസ്ഥ അപ്രായോഗികമാണെന്നും ഇതു പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര വ്യോമയാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ എടുക്കണം. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാടു പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.