ഹജ്ജ്: കൂടുതല്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സംഘാടകര്‍; രജിസ്‌ട്രേഷന്‍ 24 മുതല്‍

single-img
9 July 2017

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ 24ന് ആരംഭിക്കും. ഹജ്ജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്കിംഗ് നടപടിക്രമങ്ങള്‍ ഇട്രാക്ക് വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. ആഭ്യന്തര ഹജ്ജ് സേവന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗൈഡ് ഹജ്ജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് ബിന്‍തന്‍ അംഗീകരിച്ചു. localhaj.haj.gov.sa എന്ന പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഹജ്ജ് അനുമതി പത്രം ലഭ്യമാകാന്‍ അഞ്ച് നടപടിക്രമങ്ങളാണ് വേണ്ടത്. ഡാറ്റ എന്‍ട്രി, അനുയോജ്യമായ കാറ്റഗറി തെരഞ്ഞെടുക്കല്‍, ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കല്‍, പണമടക്കല്‍, അനുതിപത്രം കൈപറ്റല്‍ എന്നീ നടപടികളാണ് അപേക്ഷകര്‍ പൂര്‍ത്തിയാക്കേണ്ടത്.

മക്കയിലെ ഹറം പള്ളിയില്‍ പ്രദക്ഷിണവഴിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഈ വര്‍ഷത്തെ ഹജിന്റെ മുഴുവന്‍ നടപടിക്രമങ്ങളും അതിന്റെ വ്യക്തമാക്കുന്ന ഗൈഡില്‍ തമ്പുക്കള്‍ നിര്‍ണയിക്കല്‍, തമ്പുക്കളുടെ നിരക്ക് ഈടാക്കല്‍, ബുക്കിങ് റദ്ദാക്കുന്നവര്‍ക്ക് കാശ് തിരിച്ചുകൊടുക്കല്‍, മിനയില്‍ നിന്ന് തിരിച്ചു പോകുന്ന സമയമനുസരിച്ച് തമ്പുക്കള്‍ വേര്‍തിരിക്കല്‍ തുടങ്ങി ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള സേവനം മികച്ചതാക്കുന്നതിനുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ശവ്വാല്‍ 17(ജൂലൈ 12) മുതല്‍ തമ്പുകള്‍ നിശ്ചയിക്കല്‍ ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് തമ്പുകള്‍ നിശ്ചയിക്കുക. ദുല്‍ഹജ് 12 ന് മിന വിടുന്നവരുടെയും ദുല്‍ഹജ് 13 ന് മിന വിടുന്നവരുടെയും തമ്പുകള്‍ വെവ്വേറെയായിരിക്കും. തീര്‍ഥാടകര്‍ താമസിക്കുന്ന മക്കയിലും മിനയുടെ പരിസരങ്ങളിലുമുള്ള കെട്ടിടങ്ങളില്‍ ഹജ് കെട്ടിട സമിതിയുടെ ലൈസന്‍സുണ്ടോയെന്ന് ഉറപ്പുവരുത്തണം. ചെലവ് കുറഞ്ഞ ഹജ് പദ്ധതിക്കുള്ള വ്യവസ്ഥകള്‍, എല്ലാ തീര്‍ഥാടകര്‍ക്കും മെട്രോ ട്രെയിന്‍ സേവനം, നിയമങ്ങള്‍ പാലിക്കാത്ത ഹജ് സേവനകേന്ദ്രങ്ങള്‍ക്കെതിരായ നിയമനടപടികള്‍ എന്നിവയും ഗൈഡില്‍ പറയുന്നുണ്ട്.