ജി 20 ഉച്ചകോടിയില്‍ ട്രംപ്-പുടിന്‍ ആദ്യ ചര്‍ച്ച; സിറിയയില്‍ വെടിനിര്‍ത്താന്‍ അമേരിക്കറഷ്യ കരാര്‍

single-img
8 July 2017

ഹാംബര്‍ഗ്: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. സിറിയയില്‍ വെടിനിര്‍ത്തലിനു ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിര്‍ത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറില്‍ കക്ഷിയാകുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന്‍ തുടങ്ങി ലോകത്തെ പ്രമുഖ നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പരസ്പരബന്ധിതമായ ലോകം രൂപപ്പെടുത്തുക എന്ന സന്ദേശവുമായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനം, ലോകവ്യാപാരം, ഭീകരതയെ നേരിടല്‍, സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ എന്നിവയാണ് മുഖ്യ അജണ്ട. ഇതിനു പുറമേ കുടിയേറ്റം, സുസ്ഥിര വികസനം തുടങ്ങിയവയും ചര്‍ച്ചയാകും.