ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി മലാല; മിനിറ്റുകള്‍ക്കകം മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സും

single-img
8 July 2017

ലണ്ടന്‍: സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മലാല യൂസഫ് സായി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. തന്റെ ഹൈസ്‌കൂള്‍ പഠനം അവസാനിച്ച ദിവസമാണ് മലാല ട്വിറ്റര്‍ തുടങ്ങിയത്.

ഹായ് ട്വിറ്റര്‍ എന്ന ട്വീറ്റോടെ തുടങ്ങിയ മലാലയ്ക്ക് മിനിറ്റുകള്‍ക്കകം മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സ് വന്നു. ട്വിറ്ററിലൂടെ ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടാമെന്നും, കൂടെ ഉണ്ടാകണമെന്നും മലാല ആവശ്യപ്പെട്ടു.

ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണ്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മലാല. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ കുട്ടികളെ കാണാന്‍ ഗേള്‍ പവര്‍ ട്രിപ്പുമായി ഉടനെ എത്തുമെന്നും മലാല അറിയിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിനാണ് താലിബാന്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചത്.

പാക്കിസ്ഥാനിലെ സ്വാത്ത് സ്വദേശിനിയാണ് മലാല. കുട്ടികളുടെ വിദ്യാഭ്യാസം താലിബാന്‍ നിഷേധിച്ചതിനെക്കുറിച്ച് ബിബിസിയുടെ ഉറുദു ബ്ലോഗില്‍ മലാല എഴുതിയിരുന്നു. ഇതാണ് മലാലയെ താലിബാന്റെ ശത്രുവാക്കിയത്. 2012ല്‍ സ്‌കൂളില്‍ നിന്ന് തിരിച്ചു വരവെ ആക്രമികള്‍ വാനിനുള്ളില്‍ മലാലയെ വെടി വെയ്ക്കുകയായിരുന്നു.