ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; അന്വേഷിക്കുമെന്ന് വനിത കമ്മീഷന്‍

single-img
8 July 2017

കൊച്ചി: നടിമാരെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ താര സംഘടനയുടെ പ്രസിഡന്റും എം.പിയുമായ നടന്‍ ഇന്നസെന്റിനെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷന്‍ നിര്‍ദേശം. വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ കമീഷന്‍ ഡയറക്ടര്‍ എ.യു കുര്യാക്കോസിനാണ് നിര്‍ദേശം നല്‍കിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്ന് സ്വമേധയ നടപടി എടുക്കുകയായിരുന്നുവെന്നും ഇന്നസെന്റ് എംപിയുടെ പരാമര്‍ശം അപലപനീയമാണെന്നും ജോസഫൈന്‍ പറഞ്ഞു.

നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുളള ചോദ്യത്തിന് അവര്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന ഇന്നസെന്റിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനെതിരെ സിനിമയിലെ വനിതാകൂട്ടായ്മയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ലജ്ജാകരമെന്ന് ദേശീയ വനിതാ കമ്മീഷനംഗം സുഷമാ സാഹു കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടണമെന്ന ഒരു നടിയുടെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അക്കാലമൊക്കെ പോയി എന്റെ പൊന്നുപെങ്ങളെ, മനസിലായിട്ടുണ്ടോ, ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ നില്‍ക്കുന്ന പോലത്തെ പത്രക്കാരെ പോലുളള ആളുകള്‍ പറയും. ആ സ്ത്രീ പറയും അതൊക്കെ, അങ്ങനെയൊരു സംഭവമേ ഇല്ലാ ഇതിനകത്ത്. പിന്നെ അവര്‍ മോശമാണെങ്കില്‍, അത് ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ലാട്ടോ, അങ്ങനത്തെ വലിയ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് സിനിമയില്‍ കാര്യങ്ങള്‍ പോകുന്നത’് എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.