തക്കാളിക്ക് കിലോ 80 രൂപ, ചെറിയ ഉള്ളി 120, ബീന്‍സ് 105, കാരറ്റ് 100, പച്ചമുളക് 76, പയര്‍ 70: പച്ചക്കറിക്കും തീ വില

single-img
7 July 2017

പാലക്കാട്: പച്ചക്കറികള്‍ ജി.എസ്.ടിയുടെ പരിധിയില്‍ വരില്ലെങ്കിലും ജി.എസ്.ടി. നടപ്പാക്കിയതിനു പിന്നാലെയുള്ള പച്ചക്കറികളുടെ വില വര്‍ധന ആശങ്കകള്‍ക്കിടയാക്കുന്നു. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കാതെ വിളകള്‍ നശിച്ചതാണ് പച്ചക്കറി വരവ് കുറയാനും വില ഉയരാനും കാരണം. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. ഒരാഴ്ചക്കുള്ളില്‍ പച്ചക്കറി വില പത്തു മുതല്‍ നൂറു ശതമാനം വരെയാണ് ഉയര്‍ന്നത്.

ഓണം അടുത്ത സാഹചര്യത്തില്‍ വില ഉയര്‍ന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വിലയില്‍ വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തക്കാളിക്കാണ് പൊള്ളുന്ന വില. ഓണം വിപണി മുന്നില്‍ക്കണ്ട് ആവശ്യത്തിന് പച്ചക്കറികള്‍ വിപണയില്‍ എത്തുന്നുണ്ടെങ്കിലും വില ദിവസംതോറും വര്‍ദ്ധിക്കുകയാണ്. മിക്കയിനങ്ങള്‍ക്കും രണ്ടും മൂന്നും രൂപയാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുള്ളത്. ട്രോളിങ് നിരോധനമായതിനാല്‍ മീന്‍വിലയും, ഉത്പാദനം കുറഞ്ഞതിനാല്‍ കോഴിവിലയും ഉയര്‍ന്നത് നേരത്തേതന്നെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇന്നലെ ഒരു കിലോ തക്കാളിയുടെ കോട്ടയത്തെ മൊത്തവ്യാപാര വില 75 രൂപ. ചില്ലറ കച്ചവടക്കാരില്‍നിന്നും കിട്ടണമെങ്കില്‍ 80 മുതല്‍ 85 രൂപവരെ നല്‌കേണ്ടതായി വരും. ഈ ആഴ്ച അവസാനം ഇത് നൂറു രൂപയിലെത്തുമെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയില്‍ 45 രൂപയ്ക്കായിരുന്നു മൊത്തവ്യാപരികള്‍ ചെറുകിട വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഇവിടങ്ങളില്‍ ഇക്കുറി കൊടും വരള്‍ച്ചയായിരുന്നു. ഇതോടെ ഉല്‍പാദനം കുറഞ്ഞു. ഇപ്പോള്‍ തക്കാളി വിളയുന്ന ചില സ്ഥലങ്ങളില്‍ പെരുമഴയാണ്. ഇതും ഉല്പാദനം കുറയാന്‍ കാരണമായി.

ഒരുമാസംമുന്‍പ് 25 രൂപയുണ്ടായിരുന്ന വെണ്ടയ്ക്കയ്ക്ക് ഇപ്പോള്‍ 45 രൂപമുതല്‍ 65 രൂപവരെയെത്തി. 25 രൂപയുണ്ടായിരുന്ന പയറിന് 50 മുതല്‍ 70 രൂപവരെയാണ്. 40 മുതല്‍ 50 രൂപയുണ്ടായിരുന്ന കാരറ്റിന്റെ വില 100 രൂപ കടന്നു. 30 മുതല്‍ 40 രൂപവരെയുണ്ടായിരുന്ന ബീന്‍സിനും 100 മുതല്‍ 105 രൂപവരെയാണ്. 20 രൂപയുണ്ടായിരുന്ന വഴുതിനയ്ക്ക് 60 രൂപയാണ്.

30 രൂപയായിരുന്ന പച്ചമുളകിന് 60 മുതല്‍ 76 രൂപവരെയായി. ഒരാഴ്ചയ്ക്കുള്ളിലാണ് വില ഇത്രയും കുതിച്ചുയര്‍ന്നത്. കഴിഞ്ഞദിവസംവരെ എട്ടുരൂപയായിരുന്ന സവാളയ്ക്ക് 18 രൂപയാണ്. ചെറിയ ഉള്ളിക്ക് 120 രൂപയും. വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍ പറയുന്നു. സപ്ലൈകോയുടെ ഓണച്ചന്തയില്‍ വിലക്കുറവുണ്ടെങ്കിലും വന്‍തിരക്കായതിനാല്‍ പലരും മൊത്ത വിപണികളെയാണ് ആശ്രയിക്കുന്നത്.