എട്ടാം വയസ്സില്‍ ഭാര്യ, ഇരുപതാം വയസ്സില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി: സിനിമയെ വെല്ലും രൂപാ യാദവിന്റെ ജീവിതം

single-img
1 July 2017

എട്ടാം വയസ്സില്‍ വിവാഹം. ജീവിതം നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പോകുമെന്ന് ഏതൊരു സത്രീയും സ്വയം വിലപിച്ചു പോകുന്ന അവസ്ഥ. ജീവിതങ്ങളുടെ കെട്ടുപാടുകള്‍ക്കിടയില്‍ വേറെ സമയങ്ങള്‍ എങ്ങനെ കിട്ടാന്‍ എന്ന് ഏതൊരു സ്ത്രീയും ചോദിച്ചു പോകും. പക്ഷെ ഈ സാഹചര്യങ്ങളെയൊക്കെ വെല്ലുവിളിച്ച് നിശ്ചയ ദാര്‍ഡ്യത്തോടെ പഠനം മുന്നോട്ട് കൊണ്ടു പോയി എംബിബിഎസ് എന്ന സ്വപ്‌നത്തിനരികെയെത്തി നില്‍ക്കുകയാണ് രൂപാ യാദവ് .

മാര്‍ഗത്തേക്കാള്‍ ഉപരി ലക്ഷ്യമാണ് പ്രധാനം എന്നതാണ് രൂപ യാദവിന്റെ ജീവിതം ഇവിടെ നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. പഠനത്തില്‍ തിളങ്ങി നിന്ന ഈ ഇരുപതുകാരിയെ ഡോക്ടറാക്കാനുള്ള തിടുക്കത്തിലാണ് ഇപ്പോള്‍ രാജസ്ഥാനിലെ കോട്ടയെന്ന ഗ്രാമം. അഞ്ചു സഹോദരങ്ങള്‍ ഉള്ള കുടുംബത്തില്‍ ഇളയതാണ് രൂപ.

രൂപയുടേയും മൂത്ത സഹോദരി രുക്മയുടെയും വിവാഹം ഒരുമിച്ചായിരുന്നു. രൂപയെ വിവാഹം കഴിക്കുമ്പോള്‍ വരനായ ശങ്കര്‍ലാലിന് പ്രായം 12 വയസ്സ് മാത്രമായിരുന്നു. തുടര്‍ന്ന് പഠിക്കാനുള്ള മോഹം രൂപ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ അവളോടൊപ്പം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പത്താം ക്ലാസ്സില്‍ 84 ശതമാനം മാര്‍ക്കും പ്ലസ് വണിന് 81 ശതമാനവും പ്ലസ്ടുവിന് 84 ശതമാനവും മാര്‍ക്ക് നേടി മെല്ലെ ആഗ്രഹത്തിലേക്ക് നടന്നടുക്കുകയായിരുന്നു. അമ്മാവന്‍ ബിമാറാം യാദവ് നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യസഹായം കിട്ടാതെ പെട്ടെന്ന് മരണപ്പെട്ടതാണ് ഡോക്ടറാകണം എന്ന ആഗ്രഹത്തിലേക്ക് രൂപയെ എത്തിച്ചത്. കോച്ചിംഗുകള്‍ക്കൊന്നും പോകാതെ ആദ്യ വട്ടം അവള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി.

ആദ്യ ശ്രമത്തില്‍ 23000 ആയിരുന്നു രൂപയുടെ റാങ്ക്. പിന്നീട് മറ്റാരുടെയൊക്കെയോ ഉപദേശം നേടിയ ശേഷം പരിശീലനത്തിനായി അവള്‍ പുറപ്പെട്ടു. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവില്‍ നീറ്റ് പരീക്ഷയില്‍ 603ാം റാങ്ക് അവള്‍ സ്വന്തമാക്കി. പഠിക്കാന്‍ സമര്‍ത്ഥയായിരുന്നതിനാല്‍ രൂപയ്ക്കായി ഫീസിന്റെ 75 ശതമാനത്തോളം തുക കോച്ചിംഗ് സെന്റര്‍ കുറച്ചു നല്‍കിയെങ്കിലും ബാക്കി തുക കണ്ടെത്താന്‍ ദരിദ്രരരായ ശങ്കറും കുടുംബവും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

കര്‍ഷകരായ മാതാപിതാക്കളോടൊപ്പമാണ് രൂപയും ശങ്കറും താമസിക്കുന്നത്. ഭാര്യയുടെ പഠിപ്പിനാവശ്യമായ തുക കണ്ടെത്താനുള്ള പരക്കം പാച്ചിലിനൊടുവില്‍ ഒരു ടാക്‌സി ഡ്രൈവറുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് ഭര്‍ത്താവ് ശങ്കര്‍. കുടുംബത്തിന്റെ കഷ്ടപാടുകള്‍ മനസ്സിലാക്കി രൂപയുടെ ഡോക്ടറാകണമെന്ന മോഹം പൂവണിയാനായി എല്ലാ മാസവും ഒരു നിശ്ചിത തുക അനുവദിച്ചിരിക്കുകയാണ് അവള്‍ക്ക് പരിശീലനം നല്‍കിയ അല്ലെന്‍ കോച്ചിംഗ് സെന്റര്‍.