നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ‘മാഡം’ ആരെന്ന അന്വേഷണത്തില്‍ പോലീസ്; കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ റെയ്ഡ്

single-img
1 July 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. അതീവരഹസ്യമായാണ് പോലീസ് പരിശോധനയ്ക്കായെത്തിയത്. ഈ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. നടി കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയ്ല്‍ ചെയ്തു പണം ചോദിച്ച് ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണു സ്ഥാപനത്തില്‍ നടത്തിയ പരിശോധന. ഇതു സംബന്ധിച്ചു സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ഈ റെയ്‌ഡോടെ കേസിന് പുതിയ തലങ്ങള്‍ വരികയാണ്. കാവ്യാമാധവനുമായുള്ള വിവാഹത്തോടെയാണ് ആക്രമിക്കപ്പെട്ട നടിയുമായി തെറ്റിയതെന്ന് ദിലീപ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും നടിയുടെ കടയിലെ റെയ്ഡിന് ഏറെ പ്രസക്തിയുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ ക്വട്ടേഷനാണ് നടപ്പാക്കുന്നതെന്ന് പള്‍സര്‍ പറഞ്ഞതായി പീഡിപ്പിക്കപ്പെട്ട നടിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. അതു കൊണ്ട് കൂടിയാണ് മാഡം എന്ന പരാമര്‍ശത്തില്‍ അന്വേഷണം കടുപ്പിക്കുന്നത്.

ദിലീപ് പൊലീസിന് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സൂചന ശക്തമായത്. സോളാര്‍ കേസ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് തന്നെ വിളിച്ച് ഗൂഢാലോചനയുണ്ടെന്ന സൂചനകള്‍ നല്‍കിയതെന്ന് ദിലീപ് പറഞ്ഞിരുന്നു. ഫെനി ബാലകൃഷ്ണന്‍ ഇത് സ്ഥിതീകരിക്കുകയും ചെയ്തു. ഒളിവില്‍ കഴിയവെ കീഴടങ്ങാനായാണ് സുനി തന്റെ സഹായം തേടിയെത്തിയതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

മനോജ്, മഹേഷ് എന്നിങ്ങനെയാണ് കാണാന്‍ വന്നവര്‍ പേര് പറഞ്ഞത്. ഒരാള്‍ തമിഴ് മലയാളമാണ് സംസാരിച്ചത്. ചെങ്ങന്നൂരില്‍ വച്ചാണ് ഇവരെ കണ്ടത്. മവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സഹായിക്കാമെന്ന് അവരോട് പറഞ്ഞു. അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ‘മാഡ’ത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞ് ഇവര്‍ പോയി. ഇതോടെ ഗൂഢാലോചനയുടെ സൂചന തോന്നിയെന്നും മാധ്യമങ്ങളില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്നതിനാല്‍ ദിലീപിനെ വിളിച്ച് ഫെനി ഇക്കാര്യം സചിപ്പിക്കുകയായിരുന്നു. ഇത് ശരിയാണെങ്കില്‍ ‘മാഡം’ ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനിടെയാണ് കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് നടക്കുന്നത്.