ആണധികാരം തകര്‍ക്കല്‍ എളുപ്പമല്ലെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്; അമ്മയുടെ ഭാരവാഹികള്‍ പറഞ്ഞതിനെക്കുറിച്ച് വേവലാതിയില്ല

single-img
30 June 2017

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ തങ്ങള്‍ക്ക് വേവലാതിയൊന്നുമില്ലെന്ന് സിനിമയിലെ പുതിയ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടൊണ് ഡബ്ല്യൂസിസി നിലപാട് അറിയിച്ചത്.

ഇരകള്‍ക്കെതിരെ വീണ്ടും വീണ്ടുമുള്ള കടന്നാക്രമണങ്ങളെ ചെറുക്കാനും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ ആണധികാരത്തിന്റെ ചട്ടക്കൂട് പൊളിക്കാനുമുള്ള നിശബ്ദമായ പ്രവര്‍ത്തനത്തിലാണ് തങ്ങളെന്ന് ഡബ്ല്യൂസിസി പറയുന്നു. നൂറുവര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാന്‍ സാധിക്കുമോയെന്നറിയാത്ത ആ പ്രയത്‌നത്തില്‍ ആമ മുയല്‍ പന്തയമല്‍സരത്തിലെ മുയലിനൊപ്പമാണ് തങ്ങളെന്നും പോസ്റ്റില്‍ പറയുന്നു.

പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന ഒരു വിഷയം ഒരു സംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിന്റെ അസാംഗത്യം മാധ്യമ സമൂഹത്തിന് തികച്ചും ബോധ്യമുളളതാണ് എന്നാണ് തങ്ങളുടെ വിശ്വാസമെന്നും വിമണ്‍ ഇന്‍ കളക്റ്റീവ് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം അമ്മയില്‍ ഉന്നയിക്കുമെന്ന് യോഗത്തിന് മുന്നെ നടിമാര്‍ പറഞ്ഞിരുന്നു.

വിഷയം അമ്മയില്‍ ഉന്നയിച്ചെന്ന് റിമാ കല്ലിങ്കല്‍ പറഞ്ഞെങ്കിലും നടിക്കെതിരായ ആക്രമണം ചര്‍ച്ചയായില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് താരസംഘടനയെ പിന്തുണച്ചുകൊണ്ടും നടിക്കൊപ്പമുണ്ടെന്നും വ്യക്തമാക്കി വിമണ്‍ ഇന്‍ കളക്ടീവ് രംഗത്തെത്തുന്നത്. ചലച്ചിത്ര മേഖലയില്‍ അമ്മയടക്കമുള്ള സംഘടനകള്‍ക്ക് ഒപ്പം തിരുത്തല്‍ ശക്തിയായി നിലകൊള്ളണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ചലച്ചിത്ര മേഖലയില്‍ വിമെന്‍ ഇന്‍ കളക്ടീവ് എന്തു പരിപ്രേഷ്യമാണ് മുന്നോട്ട് വക്കുന്നത് എന്നത് സംബന്ധിച്ച് നേരത്തേയുള്ള കുറിപ്പുകളില്‍ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു.പക്ഷേ അതുസംബന്ധിച്ച് ചില വിശദീകരണങ്ങള്‍കൂടി നല്‌കേണ്ടതുണ്ട് എന്ന് തോന്നിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗവും അവിടെ ചര്‍ച്ചചെയ്യപ്പെട്ടതും ചെയ്യപ്പെടാതിരുന്നതുമായ വിഷയങ്ങള്‍ സംബന്ധിച്ചും ഇക്കാര്യത്തില്‍ ംരര യുടെ നിലപാടിനെ കുറിച്ചും മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിനും ഉണ്ടായ ചില ആശയ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ കുറിപ്പ്.

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മയോഗത്തില്‍ ചര്‍ച്ച നടന്നില്ല എന്നത് വാസ്തവം .പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നില്‍ക്കുകയും ചെയ്യുന്ന ഒരു വിഷയം ഒരു സംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിന്റെ അസാംഗത്യം മാധ്യമ സമൂഹത്തിന് തികച്ചും ബോധ്യമുളളതാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളില്‍ വിശ്വാസമുള്ള അമ്മയും ംരരയും ഇക്കാര്യത്തില്‍ അവരവരുടേതായ ഔചിത്യം പാലിച്ചു എന്നു ഞങ്ങള്‍ കരുതുന്നു.

അമ്മയോഗത്തില്‍ സംബന്ധിച്ച ഭൂരിപക്ഷം പേരും പ്രസ്തുത സംഭവത്തെ അപലപിച്ചിരുന്നു. അതിക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയെ ചേര്‍ത്തു പിടിച്ചു കൊണ്ട് അവരുടെ പോരാട്ടത്തില്‍ ഒപ്പം നില്ക്കുന്ന സമീപനമാണ് ഈ വിഷയം ഔദ്യോഗികമായും അനൌദ്യോഗികമായും സംസാരിച്ചവര്‍ മുന്നോട്ട് വച്ചത്. ആക്രമിക്കപ്പെട്ട വ്യക്തിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ നടന്‍ പരസ്യമായി യോഗത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. തുടര്‍ന്ന് നടന്ന മാധ്യമ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അമ്മ ഭാരവാഹികള്‍ പറഞ്ഞതെന്ത് എന്നതിനെ കുറിച്ച് ഞങ്ങള്‍ വേവലാതിപ്പെടുന്നില്ല.

അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വേണ്ട നിയമ സഹായങ്ങള്‍ നല്കുന്നതിനും ഇരയെ വീണ്ടും ഇരയാക്കി കൊണ്ടുളള കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്കുകയാണ് ഞങ്ങളിപ്പോള്‍.. യോഗത്തില്‍ അമ്മ വാഗ്ദാനം ചെയ്ത എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചലച്ചിത്ര മേഖലയില്‍ അമ്മയടക്കമുള്ള ഇതര സംഘടനകളോടൊപ്പം ഒരു തിരുത്തല്‍ ശക്തിയായി നിലകൊളളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ഇന്നോ നാളെയോ മാറ്റി തീര്‍ക്കാനോ പുതുക്കി പണിയാനോ പറ്റുന്ന ചട്ടകൂടല്ല ഇവിടുത്തെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രസ്ഥാനങ്ങള്‍ക്കുളളത്. നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാന്‍ അടുത്ത 100 വര്‍ഷം മതിയാകമോ എന്ന് ഞങ്ങള്‍ക്കറിയില്ല. അലര്‍ച്ചകളും ആര്‍പ്പുവിളികളുമില്ലാതെ നിശ്ശബ്ദമായി പണിയെടുത്തും ചിലപ്പോള്‍ മനപൂര്‍വ്വം ഒഴിഞ്ഞു മാറി നിന്നും ചില ഘട്ടങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്ന ചിന്തയാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. ആമയും മുയലും തമ്മില്‍ നടത്തിയ മത്സരത്തില്‍ ഞങ്ങള്‍ ആമയുടെ ഒപ്പമാണ്. കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന വിശ്വാസത്തില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍.