ഭക്ഷണപ്രിയര്‍ക്ക് സന്തോഷ വാര്‍ത്ത; കോഴി ഇറച്ചിക്ക് നാളെ മുതല്‍ വില കുറയും

single-img
30 June 2017

കോഴി ഇറച്ചി നിങ്ങളുടെ ഇഷ്ട ഭക്ഷണം ആണോ. എന്നാല്‍ നാളെ മുതല്‍ കുറഞ്ഞ ചെലവില്‍ കോഴി ഇറച്ചി പൊരിച്ചും കറിവെച്ചും കഴിക്കാന്‍ തയ്യാറായി ഇരുന്നോളൂ. ഇറച്ചി കോഴിക്ക് നാളെ മുതല്‍ 18 രൂപ വരെ വില കുറയും. ഫാസ്റ്റ്ഫുഡ് പ്രേമികള്‍ക്ക് ഇനിമുതല്‍ മുമ്പത്തേക്കാളും മിതമായ വിലക്ക് ഹോട്ടലുകളില്‍ നിന്നും കോഴി ഇറച്ചി ലഭ്യമാകും. ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന 14.5% ആഡംബരനികുതി എടുത്തുമാറ്റുന്നതോടെയാണ് ഇറച്ചിക്കോഴിക്ക് 18 രൂപ വരെ വില കുറയുന്നത്.

കോഴിക്കുഞ്ഞിനും കോഴിത്തീറ്റയ്ക്കും കോഴിക്കും നികുതിയുണ്ടായിരുന്ന ഏക സംസ്ഥാനമായിരുന്നു ഇതുവരെ കേരളം. ജിഎസ്ടി വരുന്നതോടെ ഇതെല്ലാം ഒഴിവാകും. ഉപഭോക്താക്കളേയും കര്‍ഷകരെയും സംബന്ധിച്ച് ഇത് ഏറെ ഗുണകരമാണ്. നികുതി ഇളവ് വരുന്നതോടെ സാധാരണക്കാര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമായി കോഴിയിറച്ചി മാറും.

കേരളത്തില്‍ ഫാമുകള്‍, കടകള്‍, അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടുലക്ഷത്തോളം പേരാണ് ഈ തൊഴിലുമായി മുന്നോട്ട് പോകുന്നത്. ഒരു കോടി കിലോഗ്രാം കോഴിയുടെ വ്യാപാരം കേരളത്തില്‍ ഒരാഴ്ച നടക്കുന്നുണ്ട്. സംസ്ഥാനത്ത് ആവശ്യമുള്ള കോഴിയുടെ 60 ശതമാനവും ഇതരസംസ്ഥാനത്തു നിന്നാണ് വരുന്നത്. 40 ശതമാനം മാത്രമാണ് സംസ്ഥാനത്തെ ഉല്‍പാദനം. ഇത് വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

അതേസമയം കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന പ്രചരണം ദുഷ്ടലാക്കോടെയാണെന്നും ഇത് തെളിയിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷികമായി നല്‍കാമെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വിവാദമാക്കേണ്ട എന്നു കരുതി മൗനം പാലിക്കുകയായിരുന്നെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.