വിസ ലഭിക്കാന്‍ പുതിയ നിബന്ധനകളുമായി യു.എസ്; നിയന്ത്രണം ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്

single-img
29 June 2017

വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് നിയന്ത്രണം. ഇവിടെ നിന്നുള്ള വിസ അപേക്ഷകര്‍ക്ക് അമേരിക്കയില്‍ വളരെ അടുത്ത ബന്ധുക്കളോ അല്ലെങ്കില്‍ അടുത്ത വ്യാപാരബന്ധം ഉള്ളവര്‍ക്കോ മാത്രമേ വിസ നല്‍കേണ്ടതുള്ളൂവെന്നാണ് തീരുമാനം.

രക്ഷിതാക്കള്‍, മക്കള്‍,സ്വന്തം സഹോദരങ്ങള്‍, മരുമകന്‍, മരുമകള്‍ എന്നിവരെ മാത്രമേ വളരെ അടുത്ത ബന്ധുക്കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തൂവെന്നും നിര്‍ദേശത്തിലുണ്ട്. വിസ നിരോധനവുമായി ബന്ധപ്പെട്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി ഭാഗികമായി അംഗീകരിച്ച സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പുതിയ ഭേദഗതിയില്‍ പറയുന്നത് വിലക്കേര്‍പ്പെടുത്തിയ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമകള്‍, മരുമകന്‍, എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശന്‍, മുത്തശ്ശി, പേരമക്കള്‍ അമ്മായി, അമ്മാവന്‍, മരുമക്കള്‍, സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച നിര്‍ദേശങ്ങളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.