എല്ലാം ‘അമ്മ’ തീരുമാനിക്കും, ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണുള്ളതെന്നും ദിലീപ്

single-img
29 June 2017

ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണുള്ളതെന്നും പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും നടന്‍ ദിലീപ്. കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ രണ്ട് മക്കളാണ് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഇരുവരും ഒരുപാട് അനുഭവിച്ചെന്നും ദിലീപ് പറഞ്ഞു. താന്‍ നല്‍കിയ പരാതിയെ കുറിച്ച് വിശദമായി മൊഴിയെടുത്തുവെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞുവെന്നും ദിലീപ് വ്യക്തമാക്കി.

ദിലീപിന്റെ വാക്കുകള്‍: ”മൊത്തം പരാതിയെക്കുറിച്ച് നന്നായിട്ട് മൊഴിയെടുത്തു. കാരണം എനിക്ക് പറയാനുളള കാര്യങ്ങള്‍ മുഴുവന്‍ കേള്‍ക്കുകയും ചെയ്തു. നമുക്ക് ഫീല്‍ ചെയ്യുന്നത്, എന്താണെന്ന് മനസിലാകുന്നില്ല എന്നൊരു കാര്യമുണ്ടല്ലോ അതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാരിച്ചു. ഇതാണ് ഉളളത്. എനിക്ക് ഒന്നും അല്ലാതെ അറിയില്ല. അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുളളത്. രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

രാത്രി ഒരു മണിക്കുശേഷം ഞാന്‍ പുറത്തിറങ്ങുന്നത് നിങ്ങള്‍ കണ്ടതല്ലേ, ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് ഞാനൊന്ന് പോകേണ്ടേ. ഞങ്ങള്‍ രണ്ടുമൂന്നാള്‍ക്കാര്‍ അല്ലേ പരാതി കൊടുത്തതും പോയതും. അതെല്ലാം അവര്‍ കേള്‍ക്കേണ്ടേ. എങ്ങനെയൊക്കെയാണെന്നുളളത് അവര്‍ക്ക് അന്വേഷിക്കേണ്ടെയ്, ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മൊഴിയെടുക്കലും അവരുടെ സംശയങ്ങളും എല്ലാം ചോദിച്ചു. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് എനിക്കറിയില്ല”. നിങ്ങള്‍ വെറുതെ കുഴപ്പിക്കല്ലേയെന്നും ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.