ദിലീപിനു കവചമൊരുക്കി “അമ്മ”;ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല;മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും

single-img
29 June 2017


താരസംഘടനയായ അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍.ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മന:പൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യവുമാണ് മുകേഷിനെ പ്രകോപിച്ചത്.സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും പ്രതികരണം നടത്തിയില്ല.

നടന്‍മാരായ ദേവനും സിദ്ദീഖും മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി സംസാരിച്ചു. പോലീസുകാരുടെ ജോലി ചാനലുകാര്‍ ചെയ്യേണ്ടെന്നും സിദ്ദീഖ് പറഞ്ഞു.

മുഖ്യമന്ത്രിയും ഡി.ജി.പി.യും നിര്‍ദേശിച്ചത് അനുസരിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പരസ്യ പ്രസ്താവനകള്‍ നടത്താതിരുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും അന്നത്തെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെയും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ ചാനലിലും മറ്റും കൂടുതല്‍ കാര്യങ്ങള്‍ പറയരുത് എന്ന് രണ്ട് പേരും നിര്‍ദേശിച്ചത് അനുസരിച്ചാണ് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന ആളുമെല്ലാം അമ്മയുടെ മക്കള്‍ തന്നെയാണ്. ഇവരുടെ വേദന ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വെറുതെ ജാഥ നടത്തിയത് കൊണ്ടൊന്നും കാര്യമില്ല.

ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ല-ഇന്നസെന്റ് പറഞ്ഞു. എല്ലാവരോടും പ്രശ്‌നം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.ദിലീപിനൊപ്പം ഒറ്റക്കെട്ടായുണ്ടാകുമെന്ന ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യോഗത്തിനെത്തിയ താരങ്ങള്‍ ആര്‍പ്പുവിളിയോടെ ഇത് ഏറ്റെടുത്തു.

ഞങ്ങള്‍ കൂടെയുണ്ടെന്നാണ് വനിതാ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞത്. പിന്നെ മാധ്യമങ്ങള്‍ക്ക് എന്താണ് പ്രശ്‌നം-മുകേഷ് ചോദിച്ചു.