നടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിയ്ക്കാതെ സൂപ്പര്‍ താരങ്ങള്‍ :സിനിമാക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള വാക്‌പോരിനിടെയും മൌനികളായി മമ്മൂട്ടിയും മോഹന്‍ലാലും

single-img
29 June 2017

കൊച്ചി: താരസംഘടനയായ അമ്മയുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ വാക്പോരു.വിഷയത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചതോടെ താരങ്ങൾ പ്രകോപിതരായി. മുകേഷ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തു. എന്തൊക്കെ പ്രകോപനമുണ്ടായാലും താരങ്ങളെ തള്ളിപ്പറയാൻ അമ്മ തയാറാകില്ലെന്ന് ഗണേഷ്കുമാർ ആവർത്തിച്ച് പറഞ്ഞു. എന്നാല്‍, ഈ സമയമത്രയും വേദിയിലുണ്ടായിരുന്ന സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും തന്നെ പ്രതികരിച്ചില്ല.

ഈ ബഹളത്തിനിടയിലും ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടതും ഇവരുടെ മൗനം തന്നെ. ഗണേഷ് കുമാറും മുകേഷും ഇടവേള ബാബും ദേവനുമെല്ലാം പ്രകോപിതരായി മറുപടി നല്‍കിയപ്പോള്‍ ലാലും മമ്മൂട്ടിയും ഇതിലൊന്നും ഇടപെടാതെ നില്‍ക്കുകയായിരുന്നു. ബഹളം നിയന്ത്രിക്കാനും രണ്ടുപേരും ശ്രമിച്ചില്ല.ഇന്നസെന്റിന്റെ ഇടത്തും വലത്തുമായിട്ടായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും ഇരുന്നതും.
ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മന:പൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യവുമാണ് മുകേഷിനെ പ്രകോപിച്ചത്.സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.നടന്‍മാരായ ദേവനും സിദ്ദീഖും മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി സംസാരിച്ചു. പോലീസുകാരുടെ ജോലി ചാനലുകാര്‍ ചെയ്യേണ്ടെന്നും സിദ്ദീഖ് പറഞ്ഞു.