മന്ത്രിമാരോട് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി; മന്ത്രിസഭാ തീരുമാനങ്ങള്‍ ചോര്‍ത്തുന്നത് ശരിയല്ല • ഇ വാർത്ത | evartha
Breaking News

മന്ത്രിമാരോട് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി; മന്ത്രിസഭാ തീരുമാനങ്ങള്‍ ചോര്‍ത്തുന്നത് ശരിയല്ല

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാരോടുള്ള അതൃപ്തി മുഖ്യമന്ത്രി നേരിട്ട് പ്രകടിപ്പിച്ചത്. കോവളം കൊട്ടാരം, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ എന്നീ വിഷയങ്ങളിലാണ് മന്ത്രിമാരോട് തന്റെ അതൃപ്തി മുഖ്യമന്ത്രി പ്രകടമാക്കിയത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളും അതില്‍ മന്ത്രിമാര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും മാധ്യമങ്ങളില്‍ വരുന്നതിലാണ് മുഖ്യമന്ത്രിയുടെ അതൃപ്തി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ ചര്‍ച്ചകള്‍ പുറത്തുവരുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ മൂന്നാര്‍ വിഷയത്തില്‍ മന്ത്രി എം.എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, സിപിഐ നേതാവ് സിഎ കൂര്യന്‍, കെപിസിസിസി വൈസ്പ്രസിഡന്റ് എ.കെ മണി എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു.

മൂന്നാര്‍ പോലീസ് സ്‌റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് കാട്ടി സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാരിന് കുത്തകപ്പാട്ട ഉണ്ടായിരുന്ന സ്ഥലത്ത് കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോംസ്‌റ്റേ നടത്തിയിരുന്ന വ്യക്തിക്കായിരുന്നു കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നത്. ഇതൊഴിപ്പിക്കാനുള്ള ശ്രമം നിര്‍ത്തിവെക്കാനും സബ്കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തിരുന്നു. സബ്കളക്ടറുടെ നടപടി ന്യായമാണെന്നും ഇതൊഴിപ്പിക്കണമെന്നുള്ള നിലപാടായിരുന്നു റവന്യുവകുപ്പ് കൈകൊണ്ടത്. അതേസമയം യോഗം വിളിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ യോഗത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നായിരുന്നു റവന്യൂ മന്ത്രി പിന്നീട് അറിയിച്ചത്. ഇത്് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിട്ടുമുണ്ട്. ഇന്ന് മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും പോലീസ് മേധാവിയായി മന്ത്രിസഭ തീരുമാനിച്ചുവെന്ന വാര്‍ത്തകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇക്കാരണങ്ങളെല്ലാമാണ് മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടാക്കിയതെന്നാണ് വിവരങ്ങള്‍.