”ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ടുലക്ഷം രൂപ; ഗൂഡാലോചന നടന്നത് ജയിലില്‍”

single-img
28 June 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് പള്‍സര്‍ സുനി രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍വിളിക്കുന്നതിനുമായിരുന്നു ഈ തുക വാഗ്ദാനം ചെയ്തിരുന്നത്. ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പോലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്ന് കരുതപ്പെടുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തനിക്ക് തരാമെന്നേറ്റ പണം നല്‍കണമെന്നും ദിലീപിന്റെ പേര് തുറന്നുപറയുന്നതിനായി പുറത്തുനിന്നും പല സമ്മര്‍ദവുമുണ്ടെന്നായിരുന്നു കത്തില്‍. അതേസമയം വിഷ്ണു പള്‍സര്‍ സുനിയെ കാണുന്നതിനായി ഒന്നരമാസത്തിനിടെ ആറു തവണ ജയിലില്‍ സന്ദര്‍ശിച്ചതായുള്ള രേഖകള്‍ പുറത്തു വന്നു. ദിലീപിനു കത്തയയ്ക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ ഇയാള്‍ സുനിയെ കാണാന്‍ ജയിലിലെത്തിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസാണ് പുറത്തു കൊണ്ടുവന്നത്.

കാക്കനാട് ജയിലില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം മാര്‍ച്ച് 27 നും മെയ് 29 നും ഇടയില്‍ ആറുതവണ സുനിയെ കാണാന്‍ വിഷ്ണു ജയിലിലെത്തി. ദിലീപിന് കത്തയച്ചശേഷവും ഇയാള്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പുറമെ വാരാപ്പുഴ പീഡനകേസിലെ പ്രതി മനീഷ് തോമസും സുനിയെ കാണാന്‍ ജയിലിലെത്തിയിരുന്നു.

മനീഷ് തോമസ് ഇപ്പോള്‍ പോലീസ് പിടിയിലാണ്. ഇയാളുടെ കൂട്ടാളിയായി കരുതപ്പെടുന്ന അനില്‍ മുരളിയും സുനിയുമായി ബന്ധപ്പെട്ടിരുന്നു. 13 ദിവസങ്ങളില്‍ പള്‍സര്‍ സുനിക്ക് ജയിലില്‍ സന്ദര്‍ശകരുണ്ടായിരുന്നു. സുനിയുടെ അഭിഭാഷകനേക്കാള്‍ കൂടുതല്‍ സഹതടവുകാരനായ വിഷ്ണുവാണ് സുനിയെ സന്ദര്‍ശിക്കാനെത്തിയിരുന്നത്. വിഷ്ണു മുഖാന്തരമായിരുന്നു പള്‍സര്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതും ദിലീപിന്റെ മാനേജരുള്‍പ്പടെയുള്ളവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതും. ഈ കൂടിക്കാഴ്ച്ചയില്‍ ദിലീപിനോട് പണം ആവശ്യപ്പെടാനുള്ള ഗൂഡാലോചനയായിരുന്നു ഇവര്‍ നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നതും ഇതു തന്നെയാണ്.

കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നില്‍ നിന്നു പണം തട്ടാന്‍ ശ്രമം നടന്നതായി ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. വിഷ്ണുവെന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപ് പരാതിയില്‍ പറഞ്ഞിരുന്നത്.എന്നാല്‍ വിഷ്ണുവല്ല, പള്‍സര്‍ സുനിതന്നെയാണ് ഫോണ്‍ വിളിച്ചതെന്ന് പിന്നാലെ കണ്ടെത്തിയിരുന്നു.