കൊടിമരം കേടുവരുത്തിയത് ബോധപൂര്‍വമുള്ള ചതിയാണെന്ന് ദേവസ്വം മന്ത്രി; അന്വേഷണം പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍

single-img
25 June 2017

ശബരിമല: ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി മെര്‍ക്കുറി ഉപയോഗിച്ച് നശിപ്പിച്ചത് ബോധപൂര്‍വം ചെയ്ത ചതിയാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടിമര നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തമ്മില്‍ ഉണ്ടായ വഴക്കുകളായിരിക്കാം സംഭവത്തിന് പിന്നില്‍ എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉച്ച പൂജയ്ക്ക് ശേഷമാണ് തുണിയില്‍ മെര്‍ക്കുറി പുരട്ടി എറിഞ്ഞിട്ടുണ്ടാവുക. പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. കുറ്റവാളികളെ കണ്ടെത്തുക എന്നതാണ് പ്രാഥമികമായ ഉത്തരവാദിത്വം. അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവം പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിജിപിയാണ് കേസന്വേഷണത്തിന് പത്തനംതിട്ട എസ്പിയെ ചുമതലപ്പെടുത്തിയത്. സംഭവം അറിഞ്ഞതിന് പിന്നാലെ ദേവസ്വം അധികൃതര്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ഡിജിപി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

പോലീസും രാസപരിശോധന വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും പോലീസ് അന്വേഷണം തുടങ്ങുന്നത്. കൊടിമരത്തിന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30ന് ശേഷമുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. സംശയിക്കാവുന്ന ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.