പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍; അവധിക്കാല യാത്രാനിരക്ക് കുത്തനെ കൂട്ടി

single-img
24 June 2017

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം തുടങ്ങുന്നതോടെ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പ്രവാസികളെ പിഴിയാനുള്ള തയ്യാറെടുപ്പിലാണ് മിക്ക വിമാനക്കമ്പനികളും. വേനല്‍ അവധി എത്തിയതോടെ ആഘോഷങ്ങള്‍ക്കും വിശ്രമങ്ങള്‍ക്കുമായി സ്വദേശങ്ങളിലേക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ നിരവധിയാണ്. ജൂണ്‍ അവസാനത്തോടെയാണ് രാജ്യത്ത് സാധാരണ യാത്രക്കാരുടെ തിരക്ക് കൂടുന്നത്. ഇത്തവണ പെരുന്നാളും വേനലവധിയും ഒരുമിച്ചെത്തുന്നതോടെ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും വര്‍ധിക്കും. മാത്രമല്ല അവധി ആഘോഷിക്കാനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശി യാത്രക്കാരുടെ തിരക്കും ഈ സമയത്ത് ഉണ്ടാകും.

ഈ അവസരം മുതലെടുത്ത് പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം മിക്ക വിമാനക്കമ്പനികളും ഇപ്പോള്‍ തന്നെ നിരക്ക് വര്‍ധന തുടങ്ങിയിട്ടുണ്ട്. അവധിക്കായി നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ലെങ്കിലും 22നു ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ വിമാനക്കമ്പനികളുടെ യാത്രാക്കൊള്ളയ്ക്ക് വിധേയരാകുമെന്നതില്‍ സംശയമില്ല. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവധിക്ക് നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികളെയാണ്. പ്രത്യേകിച്ച് ഫാമിലി വിസയില്‍ കുടുംബത്തെയും ജോലി സ്ഥലത്തേക്ക് കൊണ്ടുവന്നവര്‍ അവധി യാത്രക്കും റിട്ടേണ്‍ ടിക്കറ്റിനുമായി നല്ലൊരു തുക തന്നെ ചിലവഴിക്കേണ്ടി വരും.

ജൂണ്‍ 25 മുതല്‍ സെപ്തംബര്‍ ഒന്നുവരെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള എക്കോണമി ക്ലാസിലെ യാത്രാനിരക്ക് ഏകദേശം അയ്യായിരം റിയാലോളം വരും. കൊച്ചിയിലേക്ക് 5100 റിയാലുമാണ് പുതിയ നിരക്ക്. ശ്രീലങ്കയിലെ കൊളംബോയിലേക്ക് ഇതേ കാലയളവില്‍ പോയി വരുന്നതിന് 3,000 റിയാലാണ് നിരക്ക്. കറാച്ചിയിലേക്കും ഇതേ കാലയളവില്‍ 1750 റിയാല്‍ അധികം നല്‍കേണ്ടി വരും.

അതേസമയം നിലവിലെ പ്രതിസന്ധിയെ തുടര്‍ന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാനിരക്കില്‍ ഈ വര്‍ഷം വര്‍ധനയുണ്ടാകില്ലെന്ന് യാത്രാ ഏജന്‍സികള്‍ പറയുന്നു. ജൂണ്‍ 25 മുതല്‍ സെപ്തംബര്‍ ഒന്ന് വരെ ലണ്ടനിലേക്ക് എക്കോണമി ക്ലാസില്‍ വന്നുപോകുന്ന നിരക്ക് 3800 റിയാല്‍ മുതല്‍ക്കാണ്. പാരീസില്‍ നിന്ന് എക്കോണമി ക്ലാസില്‍ മടക്ക ടിക്കറ്റിന് 3200 ആണ് നിരക്ക്. ന്യൂയോര്‍ക്കില്‍ നിന്നുള്ള മടക്ക ടിക്കറ്റിനും 4800 റിയാലാണ് നിരക്ക്. പതിവായി യാത്രചെയ്യുന്നവര്‍ക്ക് നിരവധി ഓണ്‍ലൈന്‍ പ്രമോഷന്‍ ഓഫറുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് നല്‍കുന്നുണ്ട്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ സൗജന്യ വിസയും ചതുര്‍, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സൗജന്യ രാത്രി താമസവും നല്‍കുന്നുണ്ട്. ഈദുല്‍ ഫിത്തര്‍, വേനലവധിക്കായി യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ക്രമീകരിച്ചിട്ടുണ്ട്.