ബീഫ് കൈവശം വെച്ചന്നാരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ കുത്തിക്കൊന്നു;രണ്ടുപേര്‍ക്ക് പരിക്ക്

single-img
23 June 2017

ന്യൂഡല്‍ഹി: ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ബല്ലാഗര്‍ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍മാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തില്‍ പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ബല്ലഭ്ഗട്ടിലേക്കുള്ള യാത്രക്കിടെ ഓഖ്‌ലയില്‍ വെച്ചായിരുന്നു സംഭവം.

ഈദിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂന്നു സഹോദരരും. ഗാസിയാബാദ്-ഡല്‍ഹി-മഥുര ട്രെയിനിലാണ് ഇവര്‍ കയറിയത്. ഓഖ്‌ല സ്‌റ്റേഷനില്‍ വെച്ച് പുതുതായി കയറിയ യാത്രക്കാരും ഇവരും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീടാണ് അവരുമായി ബീഫിനെ കുറിച്ച് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചിലര്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു.

‘തീവണ്ടിയില്‍ കയറിയതിന് ശേഷം ബീഫുണ്ടെന്നാരോപിച്ച് രണ്ടുപേര്‍ വഴക്കിടുകയായിരുന്നു. പിന്നീട് മറ്റുള്ളവരും ചേര്‍ന്ന് ബഹളമായി. പോലീസിനെ വിളിച്ചുവെങ്കിലും അവരെത്താന്‍ താമസിച്ചു. അതിനിടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു’; ഷാക്കിര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാറും റെയില്‍വെയും ഇക്കാര്യം നിഷേധിച്ചു. ബീഫ് സംബന്ധിച്ച തര്‍ക്കമല്ല, സീറ്റ് തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് റെയില്‍വേ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച ജാര്‍ഖണ്ഡില്‍ നോമ്പുതുറക്കിടെ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഒരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും.