ഉപരോധം അവസാനിപ്പിക്കാന്‍ ഉപാധികളുമായി സൗദി സഖ്യ രാജ്യങ്ങള്‍;അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടണം

single-img
23 June 2017

 


റിയാദ്: ഖത്തറിന് മേലുള്ള ഉപരോധം പരിഹരിച്ച് രമ്യതയിലെത്താന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നത് ഉള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടിക ഉപരോധ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.ഉപാധികള്‍ 10 ദിവസത്തിനകം നടപ്പിലാക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ചെയ്തു. തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കാനും ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടാനും ഈ രാജ്യങ്ങള്‍ ഖത്തറിനോടാവശ്യപ്പെട്ടു.

അതേസമയം ഉപരോധം പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വ്യക്തമാക്കിയിരുന്നു. അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കും രാജ്യത്തിന്റെ വിദേശനയം അടിയറ വെച്ച് കീഴടങ്ങാന്‍ തയ്യാറല്ലെന്നുമുള്ള നിലപാട് നേരത്തെ തന്നെ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.