ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്ക് കോടതിയുടെ വിമര്‍ശനം; ‘അനാവശ്യ ഹര്‍ജി നല്‍കി സമയം പാഴാക്കരുത്’

single-img
22 June 2017

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്‌സോ കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്. നിയമസാധുത പരിഗണിക്കാതെ അനാവശ്യ ഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ അന്വേഷണം എന്നത് ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും പോക്‌സോ ജഡ്ജി വ്യക്തമാക്കി.

യുവതിയുടെ ഹര്‍ജിയിലെ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസ് കേസന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പല മൊഴിയും പൊലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.

നേരത്തെ താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം പ്രതിയായ സ്വാമിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.