വായ്പ്പകൾ എഴുതിത്തള്ളുന്നത് ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

single-img
22 June 2017

വായ്പ്പകൾ എഴുതിത്തള്ളുന്നത് ഒരു ഫാഷനായി മാറിയെന്നു കേന്ദ്ര നഗരവികസനകാര്യമന്ത്രി വെങ്കയ്യ നായിഡു. കാർഷികകടങ്ങൾ എഴുതിത്തള്ളാനുള്ള  കർണ്ണാടക സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണു വെങ്കയ്യനായിഡു ഇത്തരമൊരു പ്രസ്താവന നടത്തിയത്.

“കടങ്ങൾ എഴുതിത്തള്ളുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വായ്പകൾ എഴുതിത്തള്ളാൻ പാടുള്ളൂ. കാരണം അതൊരു അവസാന പ്രതിവിധിയല്ല,” – നായിഡു പറഞ്ഞു.

വ്യാവസായിക ബാങ്കുകളിലേയും ദേശസാൽകൃതബാങ്കുകളിലേയും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. കർണ്ണാടക സർക്കാർ 8165 കോടിരൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനു തീരുമാനമെടുത്തതായും അദ്ദേഹം പറഞ്ഞിരുന്നു. 22.27 ലക്ഷം കർഷകരുടെ കടബാധ്യതയാണു ഇതിലൂടെ ഇല്ലാതാകുക.

എന്നാൽ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന രാജ്യത്തെ കർഷകരെ അപമാനിക്കുന്നതാണെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

“നാൽപ്പതിനായിരത്തോളം കർഷകരാണു ഇക്കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കടബാധ്യതമൂലം ആത്മഹത്യചെയ്തത്. കടങ്ങൾ എഴുതിത്തള്ളുന്നത് ഫാഷൻ ആണെന്നു പറയുന്നത് നമ്മുടെ അന്നദാതാക്കളായ കർഷകരെ അപമാനിക്കുന്ന പ്രസ്താവനയാണു,” – യെച്ചൂരി പറഞ്ഞു.