കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
22 June 2017

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആത്മഹത്യ ചെയ്ത ജോയിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനുള്ള നടപടികള്‍ ഇന്നു തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. വിഷയത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ(ജോയ് 57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു.

സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്. ഇപ്പോള്‍ ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്ന് പറയുന്നു. നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുളള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ഉദ്യോഗസ്ഥരുടെ പീഡനമാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് സഹോദരന്‍ ആരോപിച്ചു. വില്ലേജ് ഓഫിസര്‍ക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതിലുളള മാനസികസമ്മര്‍ദ്ദം മൂലമാണ് ജോയ് ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍ ജോസ് പറഞ്ഞു.