വേനല്‍-പെരുന്നാള്‍ തിരക്ക്; ശനിയാഴ്ച മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

single-img
22 June 2017

അവധി ദിനങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികളുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യേമയാന മന്ത്രാലയം അറിയിച്ചു. വേനലവധിയും പെരുന്നാളവധിയും ഒരുമിച്ച് വന്നതോടെ പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇത്.

ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന് മേല്‍ യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്കുള്ള യാത്ര ഭൂരിഭാഗം പേരും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ദോഹയില്‍ നിന്നുള്ള വിമാനങ്ങളിലുണ്ടാവുന്ന തിരക്ക് നിയന്ത്രണ വിധേയമാക്കാനാണ് പുതിയ നടപടി.

നിലവിലെ സാഹചര്യം പരിഗണിച്ച് അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് പ്രവാസി അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രവാസികളുടെ ആവശ്യം സ്ഥാനപതി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ അറിയിച്ചിരുന്നു. സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതിയുമായി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.

186 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണ് കൂടുതലായി അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ 6 ലക്ഷം വരുന്ന പ്രവാസികളില്‍ 3 ലക്ഷവും മലയാളികളാണ്. അതു കൊണ്ടു തന്നെ കൂടുതല്‍ വിമാനങ്ങളനുവദിക്കാനുള്ള തീരുമാനം ഏറ്റവുമധികം ഗുണം ചെയ്യുന്നതും മലയാളികള്‍ക്കായിരിക്കും.