ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്ര: കെ എം ആര്‍ എല്‍ റിപ്പോര്‍ട്ട് തേടി

single-img
22 June 2017

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മാനേജിങ് ഡയറക്ടര്‍. മെട്രോ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനുകളുടെ ചുമതലയുള്ളവരില്‍ നിന്നുള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സ്റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ചുമതലയുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയായിരുന്നു ജനകീയ യാത്ര. മെട്രോ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫ്. നേതാക്കളെയും അവഗണിച്ചെന്നാരോപിച്ചായിരുന്നു യാത്ര.

യാത്രയുടെ ഭാഗമായി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ട്രെയിനില്‍ മറ്റു യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി. പാലാരിവട്ടത്ത് ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ (എ.എഫ്.സി.) സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ട്രെയിനിലും സ്റ്റേഷനിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതും മെട്രോ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുന്നു.