ഗുജറാത്ത് അസംബ്ലി തെരെഞ്ഞെടുപ്പിനെ നേരിടാൻ സ്മാർട്ട് പാർട്ടിയുമായി മുൻ ഗുജറാത്ത് ഐ പി എസ് ഓഫീസർ രാഹുൽ ശർമ്മ

single-img
21 June 2017

ഗുജറാത്തിലെ മുൻ ഐ പി എസ് ഓഫീസറായ രാഹുൽ ശർമ്മ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. സ്മാർട്ട് പാർട്ടി എന്നാണു പുതിയ പാർട്ടിയുടെ പേരെന്നു അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആസന്നമായ അസംബ്ലി തെരെഞ്ഞെടുപ്പിൽ, നിലവിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിയ്ക്ക് ഒരു ബദൽ എന്ന രൂപത്തിലാണു പാർട്ടിയുടെ രൂപീകരണം. ഈ വരുന്ന 24-നു പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവിൽ അഹമ്മദാബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണു രാഹുൽ ശർമ്മ.


നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരുമായി നിരന്തര സംഘർഷത്തിലേർപ്പെട്ടിരുന്ന ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു രാഹുൽ ശർമ്മ. 2002- ഫെബ്രുവരിയിൽ രാഹുൽ ശർമ്മ ഭാവ്നഗർ ജില്ലാ പോലീസ് സൂപ്രണ്ടായി ചുമതലയേറ്റെടുക്കുന്ന സമയത്താണു ഗോധ്രയിൽ ട്രെയിൻ കത്തിച്ച സംഭവം നടക്കുന്നത്. ഫെബ്രുവരി 27-നു നടന്ന ഗോധ്ര സംഭവം സംസ്ഥാനമൊട്ടാകെയുള്ള കലാപത്തിലേയ്ക്ക് നീങ്ങുന്നതിനു തൊട്ടുമുന്നേ നടന്ന ഒരു സംഭവമാണു രാഹുൽ ശർമ്മയെ ബിജെപിയുടെയും ആർ എസ് എസിന്റെയും കണ്ണിലെ കരടാക്കി മാറ്റിയത്.

2002 മാർച്ചുമാസം രണ്ടാം തീയതി  ഭാവ്നഗറിലെ ഒരു മദ്രസ്സയിലുള്ള 380-ലധികം മുസ്ലീം കുട്ടികളെ ലക്ഷ്യമാക്കി നീങ്ങിയ പതിനായിരത്തോളം വരുന്ന അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്നും ഈ കുട്ടികളുടെ ജീവൻ രക്ഷിച്ചത് രാഹുൽ ശർമ്മയാണു. പതിനായിരത്തോളം വരുന്ന ജനക്കൂട്ടം മദ്രസ്സ വളഞ്ഞതറിഞ്ഞു വെറും നൂറിൽത്താഴെ വരുന്ന പോലീസുകാരുമായി അവിടെയെത്തിയ രാഹുൽ ശർമ്മ ജനക്കൂട്ടത്തിനു ഔദ്യോഗികമായി മുന്നറിയിപ്പ് നൽകുകയും ആകാശത്തേയ്ക്ക് വെടിവെയ്ക്കുകയും ചെയ്തു. താൽക്കാലികമായി ജനക്കൂട്ടം പിരിഞ്ഞുപോയെങ്കിലുമവർ തിരിച്ചുവരാൻ സാധതയുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം അത്തരമൊരു സാഹചര്യത്തിൽ വെടിവെയ്ക്കാൻ മടിക്കേണ്ടതില്ലെന്നു ഇൻസ്പെക്ടറോട് നിർദ്ദെശം നൽകിയതിനു ശേഷം നഗരത്തിന്റെ മറ്റു ഭാഗങ്ങളിലെ സുരക്ഷ നിരീക്ഷിക്കുവാനായിപോയി. അദ്ദേഹം ഊഹിച്ചതുപോലെതന്നെ ജനക്കൂട്ടം വൈകുന്നേരത്തോടെ വീണ്ടും മദ്രസ്സ ആക്രമിക്കുവാനെത്തുകയും സ്ഥലത്തെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ വെടിവെയ്ക്കുകയും ചെയ്തു. രണ്ടുപേർ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. പക്ഷേ 380 കുട്ടികളും 20 അദ്ധ്യാപകരുമടക്കം നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ടയറുകളും മറ്റും കത്തിച്ച് ആയുധങ്ങളുമായി അഴിഞ്ഞാടുന്ന പ്രദേശത്തുനിന്നും രാത്രി ഒൻപതുമണിയോടെ മൂന്നു ബസുകളിലായി മദ്രസയിൽ നിന്നുള്ള 400 പേരെയും രക്ഷിച്ച് സുരക്ഷിതസ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്തു. ഇക്കാരണം കൊണ്ട് രാഹുൽ ശർമ്മ നരേന്ദ്രമോദിയടക്കമുള്ള ബിജെപി നേതാക്കളുടെ അതൃപ്തിയ്ക്ക് പാത്രമായി. 

ഉന റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ശർമ്മ | Photo: Sudheesh Sudhakaran

ഒരുമാസത്തിനകം രാഹുൽ ശർമ്മയെ ഭാവ്നഗറിൽ നിന്നും അഹമ്മദാബാദ് കണ്ട്രോൾ റൂം ഡെപ്യൂട്ടി കമ്മീഷണറായി സ്ഥലം മാറ്റുകയായിരുന്നു. എന്നാൽ അഹമ്മദാബാദിൽ ഡി സി പി ആയിരിക്കെ ഗുജറാത്ത് കലാപത്തിലെ പ്രധാന അധ്യായങ്ങളായ നരോദാ പാട്യ, ഗുൽബർഗ സൊസൈറ്റി തുടങ്ങിയ കൂട്ടക്കൊലകളെക്കുറിച്ചന്വേഷിക്കുന്ന സംഘത്തിൽ രാഹുൽ ശർമ്മയും ഭാഗമായിരുന്നു. ഐ ഐ ടി കാൺപൂരിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശർമ്മ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് കലാപം നടക്കുന്ന സമയത്ത് അഹമ്മദാബാദ് പരിധിയിൽ നടന്ന ഫോൺ സംബാഷണങ്ങളിലാണു. കലാപത്തിന്റെ പദ്ധതികളും ഗൂഢാലോചനകളും വെളിവാക്കുന്ന ഈ ഫോൺ രേഖകൾ ശർമ്മ സി ഡികളിലാക്കി കലാപക്കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനു കൈമാറുകയായിരുന്നു.

മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് അദ്ദേഹം വലിയ വില കൊടുക്കേണ്ടിവന്നു. പിന്നീട് വർഷങ്ങളോളം അദ്ദേഹത്തെ ബിജെപിയും നരേന്ദ്രമോദിയും ചേർന്ന് വേട്ടയാടി. അദ്ദേഹത്തിനു അർഹമായ പ്രൊമോഷനുകൾ തടഞ്ഞുവെച്ചു. വകുപ്പുതല നടപടികൾക്ക് പലതവണ അദ്ദേഹത്തെ വിധേയനാക്കി. ഒടുവിൽ 2015 ഫെബ്രുവരിയിൽ അദ്ദേഹം സർവ്വീസിൽ നിന്നും വോളന്ററി റിട്ടയർമെന്റ് എടുക്കുകയായിരുന്നു. വഡോദരയിലെ ആംഡ് യൂണിറ്റിന്റെ ഡി ഐജിയായിരിക്കെയാണു അദ്ദേഹം രാജിവെയ്ക്കുന്നത്. പിന്നീട് ഗുജറാത്ത് സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ പലപ്പോഴും രാഹുൽ ശർമ്മയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഉനയിൽ ചത്തപശുവിന്റെ തോലുരിഞ്ഞതിന്റെ പേരിൽ ദളിത് യുവാക്കൾ മർദ്ദിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അഹമ്മദാബാദിൽ നിന്നു ഉനയിലേയ്ക്ക് നടത്തിയ ദളിത് അസ്മിത യാത്രയിൽ രാഹുൽ ശർമ്മ പങ്കെടുത്തിരുന്നു. 


ഗുജറാത്തിലെ ബിജെപി സർക്കാരിനെതിരെ മത്സരിക്കുവാൻ വേണ്ടി രൂപപ്പെടുത്തുന്ന തന്റെ ‘സ്മാർട്ട് പാർട്ടിയു’ടെ നിലപാടുകളേക്കുറിച്ച് രാഹുൽ ശർമ്മ ഇ വാർത്തയോട് സംസാരിച്ചു.

ഗുജറാത്ത് വികസനത്തെക്കുറിച്ചുള്ള പടച്ചുവിട്ട കഥകൾക്കപ്പുറം ഗുജറാത്ത് നേരിടുന്ന പ്രശ്നങ്ങൾ പഠിച്ചു അതിന് പരിഹാരം കാണുവാൻ കഴിയുന്ന ശക്തമായ ഒരു രാഷ്ട്രീയകക്ഷിയുടെ അഭാവത്തിലാണു പുതിയ ഒരു പാർട്ടി രൂപീകരിക്കുക എന്ന ആശയത്തിലേയ്ക്ക് താനും സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളും എത്തിച്ചേർന്നതെന്നു രാഹുൽ ശർമ്മ പറയുന്നു. ബിജെപിയെ പ്രതിരോധിക്കുവാനോ ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുവാനോ കഴിവില്ലാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ആം ആദ്മി പാർട്ടി ഒരു തകർച്ചയുടെ വക്കിലായതിനാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തന്നെ സംശയത്തിലാണെന്നും ശർമ്മ പറഞ്ഞു.

ഗുജറാത്തിലെ മദ്യ നിരോധനം

ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായ ബാധിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതായിരിക്കും പാർട്ടിയുടെ ദൌത്യം. പാർട്ടിയുടെ പ്രാഥമിക അജണ്ടകളിലൊന്നാണു ഗുജറാത്തിലെ മദ്യനിരോധനം എടുത്തുകളയുകയോ അതിൽ ഇളവുകൾ കൊണ്ടുവരികയോ ചെയ്യുക എന്നത്. മദ്യനിരോധനം കൊണ്ട് സംസ്ഥാനത്തിനു യാതൊരു പ്രയോജനവുമില്ല എന്നു മാത്രമല്ല, അതു ഖജനാവിനു കിട്ടേണ്ട കോടിക്കണക്കിനു രൂപ നഷ്ടപ്പെടൂത്തുകയും ചെയ്യുന്നു എന്നും രാഹുൽ ശർമ്മ അഭിപ്രായപ്പെട്ടു. മദ്യം സുലഭമായി മാഫിയാകൾ വഴി വിൽക്കപ്പെടുകയും ആളുകൾ വാങ്ങിക്കഴിക്കുകയും ചെയ്യുമ്പോൾ പേരിനു മാത്രമായി ഒരു മദ്യന്രോധിതസംസ്ഥാനമെന്ന ലേബൽ തുടർന്നു പോരുന്നത് ഒരുകപടസദാചാരബോധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

“സർക്കാരിനു കിട്ടേണ്ട നികുതിപ്പണം മാഫിയകൾ കൊണ്ടുപോകുകയാണു. ഇതേ മാഫിയകൾ സർക്കാരിനേയും ഉദ്യോഗസ്ഥരേയും വിലയ്ക്കെടുത്ത് അഴിമതിക്കാരാക്കുകയും ചെയ്തിട്ടുണ്ട്. മദ്യനിരോധനനിയമത്തിന്റെ ഇരകളാകുന്നത് ഈ മദ്യമാഫിയയുടെ ആളുകളല്ല. വല്ലപ്പോഴും ഇവരുടെ കയ്യിൽ നിന്നും മദ്യം വാങ്ങിക്കഴിക്കുന്ന സാധാ‍രണക്കാരായ കർഷകരും മറ്റുമാണു. അവർക്ക് കേസ് നടത്തുവാനോ മാസാമാസം കേസിനായി കോടതിയിലേയ്ക്ക് യാത്രചെയ്യുവാനോ ഉള്ള സാമ്പത്തികം പോലുമില്ലാത്തവരാണു. അവരൊക്കെ ക്രിമിനലുകളാണോ? അവർ ദ്രോഹിക്കപ്പെടുമ്പോൾ മാഫിയകൾ സംരക്ഷിക്കപ്പെടുന്നു”- രാഹുൽ ശർമ്മ പറയുന്നു.

മദ്യനിരോധനം നീക്കിയ ശേഷം അതിൽ നിന്നുകിട്ടുന്ന നികുതിപ്പണം വിദ്യാഭ്യാസരംഗത്തും വികസനത്തിനുമായി ഉപയോഗിക്കുകയാണു സർക്കാർ ചെയ്യേണ്ടതെന്നു രാഹുൽ ശർമ്മ പറഞ്ഞു. അതുമാത്രമല്ല, നിരോധനം നീക്കിയാൽ സംസ്ഥാനത്തിന്റെ ടൂറിസം-ഹോട്ടൽ വ്യവസായങ്ങളിൽ കാര്യമായ വരുമാനവർദ്ധനവുണ്ടാകുമെന്നും അതും സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

സാമൂഹിക അസമത്വങ്ങൾ, ജാതി

ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരേനടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ നിയമപ്രകാരമുള്ള ക്രമസമാധാനപാലനം കണിശമായി നടപ്പാക്കുമെന്നതാണു. ജാതിസംഘടനകൾക്കും മറ്റും വേണ്ടി ക്രമസമാധാനപാലനത്തിൽ വരുത്തുന്ന വീഴ്ച്ചകളാണു ഇത്തരം അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നു പറഞ്ഞ ശർമ്മ, തങ്ങളൂടേ പാർട്ടി സമൂഹത്തിലെ അധ:സ്ഥിതവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും പറഞ്ഞു.

കോൺഗ്രസ്സ് അടക്കമുള്ള സംഘടനകൾ കാലങ്ങളായിതുടർന്നുവരുന്ന ജാതിസമവാക്യങ്ങളിലധിഷ്ടിതമായ തെരെഞ്ഞെടുപ്പുതന്ത്രങ്ങളിലേയ്ക്ക് പോകുവാൻ തങ്ങളുടെ പാർട്ടിയ്ക്ക് താൽപ്പര്യമില്ലെന്നും ശർമ്മ പറഞ്ഞു. ബിജെപിയും ജാതിസമവാക്യങ്ങളുടെ മുകളിലാണു ഭരണം നിലനിർത്തിപ്പോരുന്നത്. എന്നാൽ തങ്ങളുടെ പാർട്ടി സാമ്പത്തിക ഉന്നമനത്തിനും സാമൂഹികസുരക്ഷയ്ക്കുമായിരിക്കും ഊന്നൽ നൽകുക.

തങ്ങളുടെ പാർട്ടി അധികാരത്തിൽ വരികയാണെങ്കിൽ പട്ടേൽ സമരനേതാവ് ഹർദ്ദിക് പട്ടേലിന്റെ മേൽ ചാർത്തിയിരിക്കുന്ന ക്രിമിനൽ കേസുകൾ എടുത്തുകളയുമെന്ന് രാഹുൽ ശർമ്മ പറഞ്ഞു. എന്നാൽ പട്ടേൽ സമുദാ‍യത്തിനു സംവരണം നൽകുമെന്നു പറയാൻ കഴിയില്ല. അതു വളരെയധികം സങ്കീർണ്ണമായ ഭരണഘടനാ വിഷയമാണു. ആ വിഷയത്തിൽ ഒറ്റയടിക്ക് അഭിപ്രായം പറയാനോ തീരുമാനമെടുക്കുവാനോ കഴിയില്ല. രാഹുൽ ശർമ്മ പറയുന്നു.

സ്മാർട്ട് പാർട്ടി

പുതിയ പാർട്ടിയായ സ്മാർട്ട് പാർട്ടിയുടെ രൂപീകരണത്തിൽ നിരവധി സുഹൃത്തുക്കളും സാമൂഹികപ്രവർത്തകരും തന്നോടൊപ്പമുണ്ടെന്നാണു രാഹുൽ ശർമ്മ പറയുന്നത്. പ്രതീക് സിൻഹയെപ്പോലുള്ള നിർവധിപേർ തന്നോട് സഹകരിക്കും എന്നു പ്രതീക്ഷിക്കുന്നു. പാർട്ടി രൂപീകരിക്കും എന്ന പ്രഖ്യാപനം ഫെയ്സ്ബുക്കിൽ ഇട്ടപ്പോൾത്തന്നെ നിരവധിപേർ വിളിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ഡെന്മാർക്കിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിഷേക് കുമാർ, ബിറ്റ്സ് പിലാനിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ വത്സൽ ഷാ എന്നിവരാണു പാർട്ടിയുടെ മുൻ നിരയിൽ തന്നോടൊപ്പമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ അഭിഷേക് കുമാർ ആർക്കിടെക്ട് ആണു. വത്സൽ ഷാ സോഫ്റ്റ് വെയർ എഞ്ചിനീയറും. എല്ലാ നിയോജകമണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ചും സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും ഉള്ള പ്രചാരണങ്ങളിലൂടെയും മുന്നോട്ടുനീങ്ങുവാനാണു പദ്ധതിയെന്നു അദ്ദേഹം ഇ വാർത്തയോട് പറഞ്ഞു.