കേരള എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഷാഫില്‍ മാഹീന് ഒന്നാം റാങ്ക്

single-img
20 June 2017


തിരുവനന്തപുരം: 2017 ലെ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു. ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ നേടി. കോഴിക്കോട് സ്വദേശി ഷാഫില്‍ മാഹീന് ആണ് ഒന്നാം റാങ്ക്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ നാലാം റാങ്കും ഷാഫില്‍ മാഹീനായിരുന്നു.

കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടാം റാങ്കും, അഭിലാഷ് ഘാര്‍ മൂന്നാം റാങ്കും ആനന്ദ് ജോണ്‍ നാലാം റാങ്കും, കോഴിക്കോട് സ്വദേശി നന്ദഗോപാല്‍ അഞ്ചാം റാങ്കും കരസ്ഥമാക്കി. എസ്സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഇന്ദ്രജിത്ത് സിങ്ങിനാണ് ഒന്നാം റാങ്ക്.

ഫാര്‍മസി കോഴ്‌സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിനാണ് ഒന്നാം റാങ്ക്. പിആര്‍ ചേംബറില്‍ ഉഷ ടൈറ്റസാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. ജൂണ്‍ 22 ന് ആണ് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ആരംഭിക്കുക. 27 ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. 30 നാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക. ആഗസ്റ്റ് 15 ന് പ്രവേശന നടപടികള്‍ അവസാനിക്കും. ആദ്യ 5,000 റാങ്കില്‍ 2535 പേര്‍ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറും തുല്യ അനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.