എംബിബിഎസ് പരീക്ഷാഫലം സ്വകാര്യ വെബ്‌സൈറ്റില്‍; ചോര്‍ത്തിയെന്ന് സൈബര്‍ സെല്ലിന് പരാതി

single-img
20 June 2017

കൊച്ചി: എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ത്തിയതായി പരാതി. ഇന്നു പ്രഖ്യാപിക്കാനിരുന്ന 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലമാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കോലഞ്ചേരി മെഡി.കോളജിന്റെ വെബ്‌സൈറ്റിലാണ് ഫലം വന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല സൈബര്‍ സെല്ലിന് പരാതി നല്‍കി.

തിങ്കളാഴ്ച വൈകിട്ടുതന്നെ പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മെഡിക്കല്‍ കോളജിനു മികച്ച വിജയം എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പരാതി ഉന്നയിക്കുകയായിരുന്നു. ഫലം ചോര്‍ന്നതായി കണ്ടതോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെകെ ശൈലജയ്ക്കും പരാതി നല്‍കിയിരുന്നു.

ആരോഗ്യ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് മുഖേനയാണ് ഫലം ചോര്‍ന്നതെന്നാണു സംശയിക്കുന്നത്. പരീക്ഷാ ചോദ്യ പേപ്പറുകളും ഇത്തരത്തില്‍ ചോര്‍ന്നിരിക്കാമെന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വിജയശതമാനം വലിയ തോതില്‍ ഉയരുന്നത് ഇങ്ങനെയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.