എന്നാലും എന്റെ പെങ്ങളേ…; വീട്ടിലെ പണം കൊള്ളയടിക്കാന്‍ സഹോദരന് ക്വട്ടേഷനിട്ട സഹോദരി പിടിയില്‍

single-img
19 June 2017


ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ സഹോദരന്റെ പണവും ആഭരണങ്ങളും മോഷ്ടിക്കാന്‍ ക്വട്ടേഷന്‍ നല്‍കി യുവതി. ആരതി അഗര്‍വാളെന്ന യുവതിയാണ് ബിസിനസ്സിന് പണം ആവശ്യമായി വന്നപ്പോള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ വീട്ടിനുള്ളില്‍ നിന്നും മോഷണം നടത്തിയത്. പണവും ആഭരണവുമായി രണ്ടു ലക്ഷം രൂപ ആരതി ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ മോഷ്ടിക്കുകയായിരുന്നു.

സിനിമയെ വെല്ലുന്ന രംഗങ്ങളെ പോലെയായിരുന്നു മോഷണ ശ്രമം നടന്നത്. രാത്രിയില്‍ ബൈക്കിലെത്തിയ ക്വട്ടേഷന്‍ സംഘം അഞ്ചു വയസ്സുള്ള സഹോദരന്റെ പുത്രനെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും തുടര്‍ന്ന് ആരതിക്കു നേരെ തോക്കു ചൂണ്ടിയ സംഘം ആരതിയുടെ നിര്‍ദേശ പ്രകാരം പണമിരിക്കുന്ന അലമാരി കണ്ടെത്തി പണവുമായി രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ എല്ലാം ഭംഗിയായി പര്യവസാനിച്ചുവെന്ന് കരുതിയ ആരതിക്ക് കള്ളന്‍മാര്‍ പണവുമായി കടന്നുകളയുന്നത് സിസിടിവിയില്‍ പതിഞ്ഞത് പാരയാകുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍മാരായ മൊഹമ്മദ് ഖാന്‍, മഞ്ജൂര്‍ അലി, മൊഹമ്മദ് എന്നീ മൂന്നു പേര്‍ സീലാംപൂരില്‍ നിന്നും ഗസിയാബാദിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിന്റെ വലയിലാകുകയായിരുന്നു. തുടര്‍ന്ന് ആരതിയുടെ കോള്‍ റെക്കൊര്‍ഡുകള്‍ പരിശോധിച്ച പോലീസ് ഇവര്‍ മൊഹമ്മദ് ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. മോഷണം നടക്കുന്നതിനു മുമ്പായി 500 തവണയോളം ഇവര്‍ ഖാനുമായി ബന്ധപ്പെട്ടതായുള്ള വിവരം പോലീസിനു ലഭിച്ചു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സ്വന്തമായി ഒരു പുരാവസ്തു ശാല തുറക്കുന്നതിനായിട്ടാണ് ബന്ധുക്കളെ തന്നെ കൊള്ളയടിച്ചതെന്ന് ആരതി സമ്മതിച്ചത്.

സഹോദരന്‍ ബ്രിജീഷിന്റെ വീട്ടില്‍ വെച്ചു നേരത്തെ പരിചയപ്പെട്ടിട്ടുള്ള ഖാനുമായി ഇവര്‍ക്ക് ഏറെക്കാലത്തെ പരിചയമുണ്ട്. കള്ളന്‍മാര്‍ പണം നിറഞ്ഞ സേഫ് ഗസിയാബാദിനു സമീപം ഉപേക്ഷിക്കുകയും പിന്നീട് ആരതിക്കു കൈമാറുകയും ആയിരുന്നു. ഇവര്‍ പണം മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി. സംഭവത്തില്‍ ആരതിക്കും മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.