ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണ്ട; വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
19 June 2017

ന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജം. ഭൂമിയുടെ ആധാരരേഖകളെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്താന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും എഴുതി എന്ന് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ കത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയതായും പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നെറോണ പറഞ്ഞു.

ആഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അയച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ അടക്കം പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് വാര്‍ത്ത വ്യാജാമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.