മലയാള മണ്ണില്‍ മെട്രോ ഓടി തുടങ്ങുമ്പോള്‍

single-img
17 June 2017

കൊച്ചി: പത്തുവര്‍ഷത്തിലേറെയായി മലയാളികള്‍ ഹൃദയത്തില്‍ കൊരുത്തിട്ട സ്വപ്നമാണ് മെട്രോ ഓടി തുടങ്ങുന്നതോടെ കൊച്ചി മണ്ണില്‍ സാക്ഷാത്കരിക്കപ്പെടുന്നത്. ആധുനിക സൗകര്യങ്ങളുടെ ചിറകിലേറി കൊച്ചി മെട്രോ നഗര വീഥികളിലൂടെ വരുംകാല മാറ്റത്തിന്റെ സൈറണ്‍ മുഴക്കി പായുമ്പോള്‍ ഇതില്‍ ഒന്നു സഞ്ചരിക്കണമെന്ന മോഹത്താല്‍ കണ്ണെറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മെട്രോ മാന്‍ ശ്രീധരന്റെ നേതൃത്വത്തില്‍ ആയിരത്തില്‍ പരം തൊഴിലാളികള്‍ അഹോരാത്രം പണിയെടുത്ത് പൂര്‍ത്തീകരിച്ച മെട്രോയുടെ സാങ്കേതിക തികവ്‌ പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിച്ച്‌ നില്‍ക്കുന്നു. എല്ലാം കൊണ്ടും കേരളത്തിന് അഭിമാനം നല്‍കുന്ന മെട്രോയുടെ സവിശേഷതകള്‍ ഒന്നു അറിഞ്ഞുവെയ്ക്കാം.

തൂണുകളില്‍ മെനഞ്ഞ അദ്ഭുതം

ആലുവ മുതല്‍ പാലാരിവട്ടം വരെ ശക്തമായി നിലകൊള്ളുന്ന 641 തൂണുകളിലാവും മെട്രോ ഓടുക

തൂണുകളില്‍ പതിയിരിക്കുന്ന പൂന്തോട്ടം

യാത്രക്കിടയില്‍ യാത്രക്കാര്‍ക്ക് അദ്ഭുതം പകര്‍ന്നു കൊണ്ട് മെട്രോ തൂണുകളില്‍ പൂവിരിയിക്കാനുള്ള സംവിധാനവും മെട്രോ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. അഞ്ചു തൂണുകള്‍ക്കിടയില്‍ ഒന്നില്‍ വീതം വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഒരുങ്ങുന്നുണ്ട്. മറ്റുള്ളവ പരസ്യം പ്രദര്‍ശിപ്പിക്കുന്ന തൂണുകളാണ്.

മേല്‍വിലാസം പറയും തൂണുകള്‍:

മെട്രോ തൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന നമ്പരുകളാവും ഇനി പാതയോരത്തെ സ്ഥാപനങ്ങളുടെ മേല്‍വിലാസം നമ്മെ കാണിച്ചു തരിക. കൂടാതെ വഴി പറഞ്ഞുകൊടുക്കാനും ഇതു എളുപ്പമാവുമെന്ന് വിലയിരുത്തുന്നു. മേല്‍വിലാസങ്ങളില്‍ തൂണ്‍ നമ്പറുകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

സര്‍വീസ് തുടരും ആറു മുതല്‍ പത്തുവരെ

പുലര്‍ച്ചെ യാത്രക്കാരുമായി ആറു മുതല്‍ ആരംഭിക്കുന്ന സര്‍വീസ് 10 വരെ നീളുന്നു. ഇതില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ യാത്രാ ദൈര്‍ഘ്യം സൂചിപ്പിക്കുന്നത് 23 മിനിറ്റാണ്. സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി നിര്‍ത്തിയിടുന്ന പരമാവധി സമയം 30 സെക്കന്റ് മാത്രം. വികലാംഗങ്ങര്‍ക്കും വൃദ്ധര്‍ക്കും കൂടുതല്‍ സമയം ആവശ്യമെങ്കില്‍ വിഷമിക്കേണ്ട വാതിലോരത്ത് നിങ്ങള്‍ക്കായി ബട്ടണ്‍ ഉണ്ട് . അതിലൊന്നു അമര്‍ത്തിയാല്‍ മതിയാകും.

മെട്രോ ശ്രീ കുടുംബശ്രീ

സ്റ്റേഷനില്‍ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് കുടുംബ ശ്രീ വനിതകളാണെന്നതാണ് മറ്റൊരു പ്രത്യേകത. ടിക്കറ്റ് നല്‍കല്‍,ഹൗസ് കീപ്പിങ്ങ് ,കസ്റ്റമര്‍ സര്‍വീസ് ഇതൊക്കയാണ് ഇവര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന ചുമതലകള്‍. കൂടാതെ വനിതകള്‍ ഡ്രൈവര്‍മാരാകുന്ന ആദ്യ മെട്രോയെന്ന നേട്ടവും കൊച്ചി മെട്രോയ്ക്ക തന്നെയാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ നിയമിച്ച് ചരിത്രം

ചരിത്രത്തിലാദ്യമായി 23 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ജോലി ന്ല്‍കി കൊച്ചി മെട്രോ നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജ്യത്തു തന്നെ ഇതു ആദ്യമെന്നു പറയാം സമൂഹം അകറ്റുന്ന ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് കൊച്ചി മെട്രോ പോലൊരു സ്ഥാപനത്തില്‍ ജോലി നല്‍കുന്നത്. വിദേശ മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരുന്നു.

വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ

കൊച്ചി മെട്രോയില്‍ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച നല്‍കുന്നില്ല. സ്റ്റേഷനകത്തും പുറത്തുമായി നിരവധി ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ ബോഡി സ്‌കാനിംഗ് മെഷീനും ബാഗ് ചെക്ക് മെഷീനും കടന്നേ കോച്ചിലേക്ക് യാത്രക്കാരന് എത്തിച്ചേരാന്‍ പറ്റൂ. പ്ലാറ്റ്‌ഫോമിലെ മഞ്ഞവര ട്രെയിന്‍ കയറാനല്ലാതെ മറികടക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും ഉണ്ട്. കൂടാതെ ട്രെയിനില്‍ കയറിയാല്‍ പാലിക്കേണ്ട ചിലപെരുമാറ്റ ചട്ടങ്ങള്‍ വേറെയും

പായും വേഗം 45 കി.മീ, ടിക്കറ്റുകള്‍ മൂന്ന് തരം

ക്യു ആര്‍ കോഡ് ടിക്കറ്റ് : ഒറ്റ യാത്രക്കാണ് ഈ ടിക്കറ്റ് നിങ്ങള്‍ക്കുപകരിക്കുക. കയറാനും ഇറങ്ങാനുമായി ടിക്കറ്റ് ചെക്കിംഗ് മെഷീനില്‍ സ്‌കാന്‍ ചെയ്യേണ്ടതുണ്ട്.

ആര്‍.എഫ്.ഐ.ഡി ടിക്കറ്റ് : സ്ഥിരം യാതികര്‍ക്ക് നിശ്ചിത ദിവസ കാലാവധിയിലാണ് ഇതു നല്‍കുന്നത്. അഞ്ചു പേര്‍ക്കുവരെ യാത്ര ചെയ്യാം.

കൊച്ചി വണ്‍ കാര്‍ഡ് : ഷോപ്പിംഗിനും പണമിടപാടുകള്‍ക്കും ഉപകരിക്കുന്നു. ഇതില്‍ റീ ചാര്‍ജ് സൗകര്യവും ഉണ്ട്. ടിക്കറ്റില്‍ 20 % ഇളവുണ്ട്.

മിനിമം ചാര്‍ജ് ഈടാക്കുന്നത് പത്തു രൂപ

എ.സി ലോ ഫ്‌ളോറില്‍ യാത്ര ചെയ്യുന്നവര്‍ക്കൊക്കെ അറിയാന്‍ സാധിക്കുന്ന ഒന്നാണ് മിനിമം ചാര്‍ജായി ഈടാക്കുന്ന 17 രൂപ. എന്നാല്‍ ഇനി മുതല്‍ കൊച്ചിയിലുള്ളവര്‍ക്ക് ഇത് ഒഴിവാക്കാം. കൊച്ചി മെട്രോയില്‍ 10 രൂപയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ടു കിലോമീറ്ററിനാണ് ഈ മിനിമം ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ആകുമ്പോള്‍ നിരക്ക് 20 ആയി വര്‍ധിക്കും. 10 മുതല്‍ 15 കിലോമീറ്ററിനുള്ളില്‍ 40 രൂപ. ബംഗളൂരു മെട്രോയില്‍ 30 രൂപയും കൊല്‍ക്കത്ത മെട്രോയില്‍ 15 രൂപയുമാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊല്‍ക്കത്ത മെട്രോയില്‍ അഞ്ച് രൂപയാണിപ്പോഴും മിനിമം ചാര്‍ജ്.

മെട്രോ സ്‌പെഷ്യല്‍ പോലീസ്

മെട്രോയില്‍ നിയമലംഘനങ്ങള്‍ നടന്നാല്‍ ഓടിയെത്തി നിങ്ങളെ സഹായിക്കാന്‍ സ്വന്തം പോലീസ് തന്നെ ഉണ്ട്. അതു കൊണ്ടു തന്നെ സുരക്ഷയോര്‍ത്ത് ഇനി ആരും പരിഭ്രമിക്കേണ്ട. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്നും സമര്‍ത്ഥരായ 138 പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രത്യേക പരിശീലനം നല്‍കി നിയമിച്ചിരിക്കുന്നത്. കളമശേരിയിലാകും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. കൊച്ചി റേജ് ഐ.ജി പി.വിജയന്‍ നോഡല്‍ ഓഫീസര്‍. മെട്രോയുടെ തുടക്കം മുതല്‍ അവസാനിക്കുന്നതുവരെയാണ് അധികാര പദവി.

ചെലവ് 5182 കോടി

ആലുവ മുതല്‍ പേട്ട വരെ നീളുന്ന നിര്‍മ്മാണത്തിന് 5182 കോടി രൂപയാണ് പദ്ധതി ചെലവ്. 35.85 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെയും 20.27 ശതമാനം കേന്ദ്ര സര്‍ക്കാരിന്റേയും വിഹിതമാണ്. ഭൂമി ഏറ്റെടുക്കലിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. അവശേഷിക്കുന്ന തുക സ്വകാര്യ ഏജന്‍സി നല്‍കുന്ന വായ്പയിലൂടെ കണ്ടെത്തിയതാണ്. കൊച്ചി മെട്രോയുടെ വൈറ്റിലവരെയുള്ള നിര്‍മാണ ചെലവ് ഇതുവരെ 3964.09 കോടിയാണ്. എസ്റ്റ്ിമേറ്റ് തുക കണക്കാക്കിയാല്‍ 429.65 കോടി രൂപ മിച്ചം വയ്ക്കാനായി.

കുടിയന്‍മാര്‍ സൂക്ഷിക്കുക

പരിപൂര്‍ണ മദ്യരഹിത മേഖലയായാണ് മെട്രോയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഉള്ളില്‍ കുടിക്കരുതെന്ന് മാത്രമല്ല കുടിച്ചിട്ട് മെട്രോയില്‍ യാത്ര ചെയ്യാമെന്നു കരുതുന്നതുവരെ നിങ്ങളെ അബദ്ധത്തില്‍ ചാട്ടിക്കും. ലംഘനത്തിനു പിഴയായി നിശ്ചയിച്ചിരിക്കുന്ന തുക 500 രൂപയായി കുറഞ്ഞു പോയെന്നു തോന്നുന്നെങ്കില്‍ തെറ്റി ഇതിനു പിന്നാലെ ആറു മാസം തടവു ശിക്ഷ കൂടിയുണ്ട്. കൂടാതെ പാട്ടു കേള്‍പ്പിക്കുന്നതും ശബ്ദമുയര്‍ത്തി സംസാരിക്കുന്നതും പാടുന്നതുമൊക്കെ ശിക്ഷാര്‍ഹമാണ്.

നല്ല നടപ്പുള്ളവര്‍ക്ക് സഞ്ചരിക്കാം

റെയില്‍വെയിലെ പോലെ മെട്രോയ്ക്കും പ്രത്യേക നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ദേശീയ റെയില്‍വെ നിയമ പ്രകാരം സഹയാത്രികരെ ശല്യപ്പെടുത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നത് മെട്രോയുടെ കണ്ണില്‍ കുറ്റം തന്നെയാണ്. പിഴയും അഴിയുമാണ് ഇത്തരക്കാര്‍ക്കുള്ള ശിക്ഷ.

975 പേര്‍

മൂന്നു കോച്ചുകളാണ് ഒരു ട്രെയിനു നല്‍കിയിരിക്കുന്നത്. ഒമ്പതു ട്രെയിനുകള്‍ എത്തിയെങ്കിലും ഇപ്പോള്‍ ആറെണ്ണമെ സര്‍വീസിനുള്ളൂ. ട്രെയിനിന് സര്‍വീസിനിടയില്‍ എന്തെങ്കിലും കേടു പാടു പറ്റിയാല്‍ പകരം ഓടിക്കാനായാണ് ബാക്കിയുള്ള ട്രെയിനുകള്‍ മാറ്റിയിട്ടിരിക്കുന്നത്. ഒരു കോച്ചില്‍ 136 പേര്‍ക്ക ഇരുന്നു സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. മൂന്നു കോച്ചുകളിലായി പരമാവധി 975 പേരെ വഹിക്കാനുള്ള ശേഷി ഒരു ട്രെയിനുണ്ട്. കൂടിയ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. പക്ഷെ യാത്രക്കാരുമുള്ള ശരാശരി വേഗം 3540 ആണ്.

നാള്‍വഴികള്‍

2004 ഡിസംബര്‍ 22 മന്തിസഭ കൂടി തീരുമാനം കൈ കൊള്ളുന്നു

2005 ജൂലൈ 23 : ഡി.എം.ആര്‍.സി പദ്ധതി റിപ്പോര്‍ട്ട് നല്‍കുന്നു

2011 ആഗസ്റ്റ് 2 : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

2012 ജൂലൈ 3 : കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി.

2012 സെപ്തംബര്‍ 13 : പ്രധാനമന്ത്രി കല്ലിട്ടു

2013 ജൂണ്‍ 7 : നിര്‍മ്മാണോദ്ഘാടനം

2016 ജനുവരി 23 : മുട്ടം യാര്‍ഡില്‍ പരീക്ഷണ ഓട്ടം

2016 ഫെബ്രുവരി 27 : ട്രാക്കില്‍ ആദ്യ പരീക്ഷണ ഓട്ടം

2017 മെയ് 29 : ജൂണ്‍ 17 ന് ഉദ്ഘാടനം നിര്‍വഹിക്കാമെന്ന് പ്രധാനമന്ത്രിയുടെ അറിയിപ്പ്

2017 ജൂണ്‍ 3 : മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയില്‍ യാത്ര ചെയ്തു