ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം; സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 106 പേര്‍

single-img
16 June 2017

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനിടെ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി രമേശ് റാം (38) ആണു മരിച്ചത്. ഇതോടെ സംസ്ഥാനത്തെ പനി മരണം 106 ആയി. ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് ഈ മാസം ഇന്നലെ വരെ പനിക്ക് ചികിത്സ തേടിയെത്തിയത്.

പനിയും പനി മരണവും വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പനി ബാധിച്ചെത്തുന്നവരിലും പനി മൂലമുണ്ടായ മരണത്തിലും തലസ്ഥാന ജില്ലയാണ് മുന്നില്‍. ഇന്നലെ മാത്രം 2888 പേരാണ് തിരുവനന്തപുരത്ത് ചികിത്സ തേടിയെത്തിയത്. 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 81 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എച്ച്1 എന്‍1, ഡെങ്കിപ്പനി, വൈറല്‍ പനി തുടങ്ങിയ വിവിധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികില്‍സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ വീടുകള്‍ തോറും സന്ദര്‍ശനം നടത്തും. യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനവും കൊതുക് നിവാരണവും നടത്തും. സ്വകാര്യ ഡോക്ടര്‍മാരും പ്രതിരോധ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

തീരദേശ മലയോര മേഖലകളിലാണ് പനി കൂടുതലായും വ്യാപിക്കുന്നത്. കൃത്യമായി മാലിന്യസംസ്‌കരണം നടക്കാത്തതാണ് പനി വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു വിഷയം. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.