കശാപ്പ് നിയന്ത്രണത്തിന് സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

single-img
15 June 2017

ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി കാലി ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തിന്‍ മേല്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനം കേട്ടശേഷം നടപടിയെടുക്കാം എന്ന് കോടതി നിലപാട് എടുത്തു. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി. മലയാളിയായ സാബു സ്റ്റീഫന്‍, ഓള്‍ ഇന്ത്യ ജാമിയത്തുല്‍ ഖുറേഷ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11(3)(ഇ) പ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന പുതിയ ചട്ടം റദ്ദാക്കണം. സംസ്ഥാന മൃഗക്ഷേമബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

മേയ് 23ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഖുറേഷിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഗോരക്ഷാ സംഘങ്ങളും മറ്റും കര്‍ഷകരെ ഉപദ്രവിക്കുന്നതിലേക്കും ഇത് വഴിവെയ്ക്കുമെന്നും കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് വിജ്ഞാപനമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ 28ാം വകുപ്പുപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലിനല്‍കുന്നത് അനുവദനീയമാണ്. അതിനാല്‍ വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.