മെട്രോമാന്‍ പിന്‍വാങ്ങുന്നു; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ താനുണ്ടാകില്ലെന്ന് ഇ. ശ്രീധരന്‍

single-img
15 June 2017

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണ്. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മെട്രോ ഉദ്ഘാടനത്തിന് വേദിയിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയാണ് പ്രധാനം. പ്രധാനമന്ത്രിയുടെ ഓഫീസ് അതിനനുസരിച്ചാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. സുരക്ഷാ ഏജന്‍സി എന്താണ് പറയുന്നത് അതു പോലെ ചെയ്യണം. അതിനാല്‍ തന്നെ വേദിയിലേക്ക് ക്ഷണിക്കാത്തത് വിഷമിപ്പിക്കുന്ന കാര്യമല്ലെന്നും ഉദ്ഘാടന ചടങ്ങില്‍ താന്‍ പെങ്കടുക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

ശ്രീധരനെ ക്ഷണിക്കാത്തതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിഷമമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പണിയെടുക്കുന്ന ആളാണ്. തന്നെ ക്ഷണിക്കേണ്ട കാര്യമില്ല, താന്‍ ഇവിടെ തന്നെയുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ഇനി ക്ഷണിച്ചാല്‍ വേദിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോ സര്‍വീസ് നടത്താന്‍ പൂര്‍ണ സജ്ജമായി കഴിഞ്ഞു. ആദ്യഘട്ട മെട്രോ പദ്ധതിയുടെ അഞ്ചു കിലോമീറ്റര്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. ഇത് എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.