പ്രണയജോഡികളായി ആഷും അഭിയും വീണ്ടും ക്യാമറക്ക് മുന്നില്‍

single-img
15 June 2017

മുംബൈ: ബോളിവുഡിലെ സൂപ്പര്‍ താരജോഡിയായ അഭിഷേക് ബച്ചനും ഐശ്വര്യറായിയും പ്രണയ ജോഡികളായി വീണ്ടും വെള്ളിത്തിരയിലേക്ക്. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമുന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിലെത്തുക. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയായിരിക്കും ചിത്രം ഒരുക്കുക. അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിക്കുന്നതെങ്കിലും സംവിധായകന്‍ ആരെന്ന് തീരുമാനിച്ചിട്ടില്ല.

ഐശ്വര്യയും അഭിഷേകും ഒരുമിച്ച ഗുരു, രാവണ്‍, ധൂം2 തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഞങ്ങള്‍ അനുരാഗുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സിനിമയെപറ്റി ഒന്നും പറയാറായിട്ടില്ല. തീരുമാനമാകുമ്പോള്‍ നിര്‍മ്മാതാവ് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും അഭിഷേക് പറഞ്ഞു. അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിക്കുന്നതെങ്കിലും സംവിധായകന്‍ ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഗുലാബ് ജാമുനെ കൂടാതെ സനക്, ലെഫ്റ്റി, ഇറേസ്, സഞ്ജയ് ലീലാ ബന്‍സാലിയുടെ സാഹിര്‍ ലുധിയാന്‍വി എന്നീ ചിത്രങ്ങളാണ് അഭിഷേകിന്റെതായി പുറത്തിറങ്ങാനുള്ളത്. 2007 ഏപ്രില്‍ 10നായിരുന്നു ഐശ്വര്യ-അഭിഷേക് വിവാഹം. 2011ല്‍ ഇരുവര്‍ക്കും ആരാധ്യ എന്ന പെണ്‍കുഞ്ഞ് പിറന്നു. ആരാധ്യയോടൊപ്പം ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ താരദമ്പതികള്‍.