സുരേന്ദ്രന്റെ വാദങ്ങള്‍ പൊള്ളയോ? വോട്ടുചെയ്‌തെന്ന് കോടതിയില്‍ ഹാജരായ അഞ്ചുപേരുടെ മൊഴി

single-img
14 June 2017

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സമന്‍സ് അയച്ചവരില്‍ ഇതുവരെ ഹാജരായവരെല്ലാം നല്‍കിയത് കള്ളവോട്ട് നടന്നിട്ടില്ലെന്ന മൊഴി. സമന്‍സയച്ച വോട്ടര്‍മാരില്‍ കോടതി വിസ്താരം കഴിഞ്ഞ അഞ്ചുപേരും തിരഞ്ഞെടുപ്പു സമയത്ത് തങ്ങള്‍ നാട്ടിലുണ്ടായിരുന്നെന്നും വോട്ടുചെയ്‌തെന്നും രേഖാമൂലം കോടതിയെ അറിയിച്ചു.

ഇന്നലെ രണ്ടുപേരാണ് കോടതിയില്‍ ഹാജരായത്. ഇതില്‍ രജബ് എന്നയാള്‍ തനിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്ന കാര്യം കോടതിയെ അറിയിച്ചു. അസറുദ്ദീന്‍ തനിക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും ഇതുവരെ ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ കേസില്‍ ഇതുവരെ ഹാജരായ എല്ലാവരും കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് എതിരായാണ് മൊഴി നല്‍കിയിരിക്കുന്നത്.

നേരത്തെ വിസ്തരിച്ച മൂന്നുപേരില്‍ ഷക്കീര്‍ എന്നയാളുടെ പാസ്‌പോര്‍ട്ട് കാലാവധി 2013ല്‍ അവസാനിച്ചതാണ്. മുഹമ്മദ് റഫീഖ് എന്ന വോട്ടര്‍ മൂന്ന് കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ താമസമെന്നും എന്നാല്‍ വോട്ട് ചെയ്തതായും അറിയിച്ചു. റഫീഖിനൊപ്പം സമന്‍സ് ലഭിച്ച അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഹനീഫിനും മറിയത്തിനും വേണ്ടി റഫീഖ് കോടതിയില്‍ മൊഴി നല്‍കി. ഇരുവരും അന്നേദിവസം നാട്ടിലുണ്ടായിരുന്നെന്നും വോട്ടുചെയ്തുവെന്നുമാണ് റഫീഖ് അറിയിച്ചത്. മുഹമ്മദ് ആതിഖ് എന്നയാള്‍ വോട്ടിങ് ദിവസം വിദേശത്തായിരുന്നില്ലെന്നും വ്യക്തമാക്കി.

അതിനിടെ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ എം.എല്‍.എയുടെ രാജിയടക്കമുള്ള കാര്യങ്ങളില്‍ മാധ്യമങ്ങളും മറ്റും ചര്‍ച്ച നടത്തുന്നതിനെ കോടതി വിമര്‍ശിച്ചു. ഇത് ശരിയായ നടപടിയല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടു നടന്നു എന്നാരോപിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സമന്‍സ് അയച്ചത്.