മോഹന്‍ലാലിന്റെ ദൃശ്യം ചൈനയിലേക്ക്; ചൈനീസ് ഭാഷയിലേയ്ക്ക് മൊഴി മാറ്റം നടത്തുന്ന മലയാളത്തിലെ ആദ്യ ചിത്രം

single-img
14 June 2017

കൊച്ചി: ജിത്തു ജോസഫ്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം ഇന്ത്യ മുഴുവന്‍ തരംഗമായ ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ
ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ മലയാള സിനിമയാകാന്‍ തയ്യാറെടുക്കുകയാണ് ദൃശ്യം. ഓരോ വര്‍ഷവും വളരെ കുറിച്ച് അന്യഭാഷാ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാറുള്ള ചൈന ഇപ്പോള്‍ ദൃശ്യം ഏറ്റെടുത്തിരിക്കുകയാണ്.

ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനെത്തുക. ഇതിലേറെയും ഹിന്ദി ചിത്രങ്ങളാണ്. അമീര്‍ഖാന്റെ ദംഗല്‍ ആയിരം കോടിയില്‍ അധികമാണ് ചൈനയില്‍ നിന്ന് വാരിയത്. ഇതിന് പിറകെ ചൈനാക്കാരെ വിസ്മയിപ്പിക്കാന്‍ മോഹന്‍ലാലിന്റെ ദൃശ്യവും എത്തുന്നു. ചൈനയിലേക്ക് മൊഴി മാറ്റിയാകും പ്രദര്‍ശനം.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായതിന് പുറമേ ദൃശ്യം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രധാന ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്ത അപൂര്‍വ്വം സിനിമകളില്‍ ഒന്നാണ് ദൃശ്യം. ആദ്യമായി ചൈനീസ് ഭാഷയിലേയ്ക്ക് മൊഴി മാറ്റം നടത്തുന്ന മലയാള ചിത്രമാകും ദൃശ്യം. റിലീസിന് മുന്‍പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചൈനയിലേയ്ക്ക് പോയി.

ആദ്യമായതിനാല്‍ പേപ്പറുകളെല്ലാം മാന്‍ഡലിന്‍ ഭാഷയിലാണ് തയ്യാറാക്കിയത്. പിന്നീട് ഇംഗ്ലീഷിലേക്ക് മാറ്റി. 2013 ഡിസംബറിലാണ് ദൃശ്യം റിലീസ് ചെയ്തത്. 3.5 കോടി രൂപയില്‍ ഒരുക്കിയ ചിത്രം 75 കോടി രൂപ നേടി. ബാഹുബലിക്കും ചൈനയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മലയാളത്തിലെ ക്രൈംത്രില്ലറും ചൈനയില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.