രക്തംകിട്ടാതെ ഒരു ജീവനും പൊലിയരുത്

single-img
14 June 2017

കേരളത്തില്‍ റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണിന്ന്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ഈ അപകട മരണങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ നല്ലൊരു ശതമാനവും തക്ക സമയത്ത് രക്തം ലഭിക്കാത്തതുമൂലം ജീവന്‍ പൊലിഞ്ഞവരാണ്. അതായത് അപകടം നടന്നയുടന്‍ തന്നെ ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതുമൂലം മരണം സംഭവിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. ഇത്തരത്തില്‍ ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഒരാളുടെ ആകെ ശരീരത്തിന്റെ എട്ടു ശതമാനം രക്തമാണ്‌. അഞ്ചു ലിറ്ററോളം ഉള്ള ആകെ രക്തത്തില്‍ പതിനഞ്ചു ശതമാനത്തില്‍ കൂടുതല്‍ കുറഞ്ഞുപോയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പുറമേ നിന്നും രക്തം സ്വീകരിക്കെണ്ടിയിരിക്കുന്നു. അതു കൊണ്ടുതന്നെ അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേര്‍ച്ചയിലുമുള്ള രക്തം നല്‍കിയാല്‍ മാത്രമേ ശാരീരികപ്രവര്‍ത്തനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. അതായത് തക്ക സമയത്ത് രക്തം ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്നര്‍ത്ഥം.

പക്ഷേ സാങ്കേതിക വിദ്യകള്‍ ഏറെ വികസിച്ച വൈദ്യശാസ്ത്രമേഖലയില്‍ ജീവന്റെ തുള്ളിയായ രക്തത്തെ മാത്രം പരീക്ഷണശാലകളില്‍ കൃത്രിമമായി നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല. മനുഷ്യരക്തത്തിന് പകരംവെക്കാന്‍ മറ്റൊന്നില്ല. അടിയന്തരഘട്ടത്തില്‍ രക്തം ആവശ്യമായി വരുമ്പോള്‍ മറ്റൊരാളുടെ രക്തം കൊണ്ട് മാത്രമേ ജീവന്‍ നിലനിര്‍ത്താനാകൂ.

ഇവിടെയാണ് സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ലോക സമൂഹം മനസ്സിലാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 14 അന്താരാഷ്ട്ര രകതദാന ദിനമായി ആചരിക്കുന്നത്. ‘ദുരന്തം കീഴ്‌പെടുത്തുന്നത് വരെ കാത്തിരിക്കാതെ രക്തം നല്‍കൂ, ഇപ്പോള്‍ നല്‍കൂ, എപ്പോഴും നല്‍കൂ’ എന്നതാണ് ഇത്തവണ രക്തദാന ദിന സന്ദേശമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

രക്തദാനം ശക്തിപ്പെടുത്തുക വഴി ഓരോ സമൂഹത്തിലെയും അടിയന്തിര ആരോഗ്യ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാണെന്ന് ഉറപ്പ് വരുത്തുക, സ്ഥാപനങ്ങളെയും വ്യക്തികളെയും രക്തദാനത്തിന് കൂടുതല്‍ കൂടുതല്‍ പങ്കാളികളാക്കുക, രക്തദാനത്തിന്റെ മഹാത്മ്യത്തെ പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തുക, സ്ഥിരമായി രക്തം ദാനം ചെയ്യുന്ന വ്യക്തികളെ ആദരിക്കുകയും കൂടുതല്‍ യുവജനങ്ങളെ ഇതിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിനാചരണത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

ലോകത്ത് ഒരോ രണ്ട് നിമിഷം കൂടുമ്പോഴും ഒരാള്‍ക്ക് രക്തം ആവശ്യമായി വരുന്നു. പക്ഷേ രക്തദാനത്തെക്കുറിച്ചുള്ള അജ്ഞത മൂലം നമ്മുടെ സമൂഹത്തില്‍ ഇന്നും നിരവധി പേര്‍ തക്ക സമയത്ത് രക്തം കിട്ടാതെ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന ഒരു ദ്രാവക വസ്തുവാണ് രക്തം. ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളായ ഓരോ കോശവും വളരുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ ഊര്‍ജം എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. ഒരാളുടെ ശരീരത്തില്‍ ശരാശരി അഞ്ചു മുതല്‍ ആറു ലീറ്റര്‍ വരെ രക്തമുണ്ടാകും. അതുകൊണ്ട് 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ ആര്‍ക്കും രക്തദാനം നടത്താം.

പക്ഷേ ആകെയുള്ള രക്തദാനത്തിന്റെ 27 ശതമാനം മാത്രമേ ഇന്ന് സന്നദ്ധ രക്തദാനം ഉള്ളൂ. അതുകൊണ്ട് രക്തബാങ്കുകളില്‍ എല്ലാ ഗ്രൂപ്പില്‍പ്പെട്ട രക്തവും ലഭ്യമാകണമെങ്കില്‍ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഇത് 60 ശതമാനത്തിലെങ്കിലും എത്തിച്ചാല്‍ മാത്രമേ ആരോഗ്യമേഖലയില്‍ മികവിലേക്ക് എത്താന്‍ കഴിയൂ എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

സന്നദ്ധരക്തദാനത്തിലൂടെ ശേഖരിക്കുന്ന രക്തം പോലും പരമാവധി 42 ദിവസം മാത്രമേ ലബോറട്ടറികളില്‍ സൂക്ഷിക്കാന്‍ സാധിക്കൂ. അതിനാല്‍ രക്തബാങ്കുകളിലേക്ക് ആവശ്യമായ രക്തം ലഭിക്കേണ്ടത് ഒരു തുടര്‍പ്രക്രിയയാണ്. അതുകൊണ്ട് ഒരു തുള്ളി രക്തത്തിലൂടെ ഒരാളുടെ ജീവന്‍ രക്ഷികാനാകുന്ന ഈ മഹത്തായ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാവേണ്ടതുണ്ട്.