ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്; ഗോശാല കൂടി വേണമായിരുന്നെന്ന് സോഷ്യല്‍ മീഡിയ

single-img
14 June 2017

തിരുവനന്തപുരം: ”ഒരൊറ്റ സീറ്റ് മാത്രമുള്ള ബി.ജെ.പി കേരളം ഭരിക്കുമത്രെ! മുഖ്യമന്ത്രിക്കായി ഓഫീസും വിശ്രമിക്കാനുള്ള റൂമും വരെ റെഡി”. ബിജെപി നേതാക്കള്‍ കണ്ട സ്വപ്‌നമല്ല ഇത്. ബിജെപി പുതുതായി പണിയുന്ന ആസ്ഥാന മന്ദിരത്തിലാണ് ജനിക്കാത്ത മുഖ്യമന്ത്രിക്കായി ഓഫീസ് പണിയുന്നത്. ബിജെപിക്ക് കേരളത്തില്‍ മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനുമാണ് ആ ഓഫീസ്.

ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ട്രോളര്‍മാര്‍ ബിജെപിക്ക് പൊങ്കാലയിടുകാണ്. ആസ്ഥാന മന്ദിരത്തില്‍ ഗോശാലക്കുള്ള സ്ഥലം കൂടി വേണമെന്നാണ് ചില ട്രോളന്മാരുടെ പക്ഷം. ഗോശാലയില്ലെങ്കിലും പശുമാതാവിന് ഒരു മുറിയെങ്കിലും അനുവദിക്കണമായിരുന്നു എന്നാണ് മറ്റൊരു പക്ഷം. കേരളത്തില്‍ നിന്നുള്ള ഭാവി പ്രധാനമന്ത്രിക്ക് ഒരിടം നല്‍കാത്തതില്‍ നിരാശരായ ട്രോളന്മാരും ഉണ്ട് ഇക്കൂട്ടത്തില്‍.

മുഖ്യമന്ത്രിക്കസേരയില്‍ കുമ്മനംജിയാണോ അതോ രാജഗോപാല്‍ജിയാണോ എത്തുക എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം ”അമിട്ട്” സൂക്ഷിക്കാനുള്ള ചെറിയ ഒരു സ്ഥലം കൂടി ഒഴിച്ചിടണമെന്ന് ചിലര്‍ പറയുന്നു. ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാവുമ്പോള്‍ അതെടുത്ത് പൊട്ടിക്കാലോ എന്നും പരിഹാസമുണ്ട്. കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്നതും ചിലര്‍ മനോഹരമായി വരച്ചിടുന്നുണ്ട്.

ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ച്ച മുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ളത്. ഏഴുനിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാകുക. മുഖ്യമന്ത്രിയുടെയും സംസ്ഥാന പ്രസിഡന്റിന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും. തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയാണെന്ന് അമിത് ഷാ ചടങ്ങിനിടെ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം നടത്തിയ കേരള സന്ദര്‍ശനത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തനരീതികളിലും ഇടപെടലിലും അമിത് ഷാ അതൃപ്തി അറിയിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണ്ട് പ്രവര്‍ത്തിക്കണമെന്നു നിര്‍ദേശിച്ചാണ് ഷാ മടങ്ങിയത്. അവസരത്തിനൊത്ത് കേരളത്തിലെ ബിജെപി നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആസ്ഥാന മന്ദിരം പണിയുന്നതുപോലെ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയെ കെട്ടിപ്പൊക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.