രാജ്‌നാഥിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് മിസോറാം; ജനങ്ങളുടെ അവകാശത്തിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി

single-img
13 June 2017

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് മിസോറാം ജനത. കശാപ്പിനായുളള കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശന വേളയില്‍ മിസോറാം ജനത ബീഫ് പാര്‍ട്ടി നടത്തിയത്.’ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്, നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

നഗരകേന്ദ്രത്തിലുള്ള വനാപ ഹാളില്‍ നടന്ന ബീഫ് പാര്‍ട്ടിയില്‍ മിസോറാം ജനത ഒഴുകിയെത്തി. രാജ്‌നാഥ് സിങ് അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്ന രാജ്ഭവന് 200മീറ്റര്‍ അകലെയായിരുന്നു ബീഫ് ഫെസ്റ്റ്. ‘സൊലൈഫ്’ എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തങ്ങള്‍ എന്തു കഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കുമുമ്പിലും തീറെഴുതി നല്‍കില്ലെന്ന് മിസോറാം ജനത ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണെന്ന് സോലൈഫിന്റെ പ്രവര്‍ത്തകനായ റെംറുത വാര്‍ടെ പറഞ്ഞു.

അതേസമയം ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്‌നാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി മിസോറാമില്‍ പ്രദേശിക സംഘടന ബീഫ് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാനമായ വിശദീകരണവുമായി നേരത്തെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിരുന്നു.

ജനങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് രാജ്‌നാഥിന്റെ പ്രതികരണം. തിങ്കളാഴ്ച മേഘാലയ നിയമസഭ സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ പിന്തുണയോടെ പ്രമേയവും പാസാക്കിയിരുന്നു.