മെട്രോ പൂര്‍ത്തീകരിച്ചവര്‍ക്ക് ആദരവ്; തൊഴിലാളികള്‍ക്ക് സദ്യയൊരുക്കി കെഎംആര്‍എല്‍

single-img
13 June 2017

കൊച്ചി: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ വിയര്‍പ്പൊഴുക്കിയവരെ ദക്ഷിണ നല്‍കി ആദരിച്ച് കെഎംആര്‍എല്‍. ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോയ്ക്കായി രാവും പകലും പണിയെടുത്ത 800 ഓളം തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കെഎംആര്‍എല്‍ ഗംഭീര സദ്യയുള്‍പ്പെടെ നല്‍കി ആദരവ് നല്‍കിയത്. എറുണാകുളം എസ്എസ് വിദ്യാമന്ദിറിലായിരുന്നു ആദരവ് ചടങ്ങൊരുക്കിയത്. കൊച്ചി മെട്രോയുടെ കട്ടൗട്ട് വേദിയിലും തൊഴിലാളികള്‍ക്ക് തങ്ങളുടെ സന്ദേശമെഴുതാനായി ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇതില്‍ പേരും കൈയൊപ്പും ചാര്‍ത്തി തൊഴിലാളികള്‍ തങ്ങള്‍ക്ക് നല്‍കിയ ആദരവിന് നന്ദിയര്‍പ്പിച്ചു.

കൂടാതെ ഹിന്ദി ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഗാനമേളയും ചടങ്ങില്‍ തൊഴിലാളികള്‍ക്കായി ഒരുക്കി. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിനു പിന്നില്‍ കൂടുതലും ബംഗാള്‍, ഹരിയാന, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കരാര്‍ തൊഴിലാളികളാണ് നിര്‍ണായക പങ്കു വഹിച്ചത്. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അടക്കമുള്ളവര്‍ പങ്കെടുത്തു.