സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില; വിലക്കയറ്റമില്ലെന്ന് മന്ത്രി

single-img
13 June 2017

തിരുവനന്തപുരം: സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. അരിയുടെയും പച്ചക്കറികളുടെയും മല്‍സ്യ മാംസാദികളുടെയെല്ലാം വില കുതിച്ചുയരുകയാണ്. ഒരു വശത്ത് പൊള്ളുന്ന വിലക്കയറ്റവും മറുവശത്ത് പനിയും പകര്‍ച്ച വ്യാധികളുമായതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റാകെ താളം തെറ്റിയിരിക്കുകയാണ്.

ചെറിയ ഉള്ളിയുടെയും അരിയുടെയും വിലകേട്ടാല്‍ തന്നെ ഞെട്ടും. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതല്‍ 145 വരെയാണ് വില. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ജയ അരിയുടെ വില കിലോക്ക് 45ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് 40ല്‍ നിന്ന് അഞ്ച് രൂപകൂടിയത്. ചമ്പാ അരിയുടെ വില 55 രൂപയാണ്, പച്ചരി 22 ല്‍നിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയര്‍ന്നത്. തെടട്ടുത്തുതന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടന്‍ കടലയും പിന്നില്ല, കിലോക്ക് 92 മുതല്‍ 96 വരെ വില ഉയര്‍ന്നു.

സവാളയുടെ വില മൊത്തവ്യാപാര വിപണയില്‍ 10ല്‍ നിന്ന് 15 രൂപയായും വര്‍ധിച്ചു. ജയ അരിക്ക് 35 മുതല്‍ 38 വരെയും സുരേഖ അരിക്ക് 35-37 രൂപയുമാണ് മൊത്ത വ്യാപാര വില. ചില്ലറ വില്‍പനശാലയിലെത്തുമ്പോള്‍ മിക്ക അരികളുടേയും വില 50നും അതിനു മുകളിലേക്കുമെത്തും. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് അരി വില കൂടാന്‍ കാരണം. നെല്ലിന് കിലോഗ്രാമിന് മൂന്നു രൂപയാണ് ഈയിടെ കൂടിയത്.

കാലിവില്‍പ്പന നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ ഇറച്ചിവില വര്‍ധന തുടരുകയാണ്. പോത്തിറച്ചിക്ക് രണ്ടാഴ്ച കൊണ്ട് 20 രൂപയാണ് കൂടിയത്. കോഴിയിറച്ചിക്ക് കിലോയ്ക്ക് 25 രൂപ കൂടി. വേനലിലുണ്ടായ ഉത്പാദനക്കുറവും നോമ്പ് കാലം തുടങ്ങിയതും വിലക്കയറ്റത്തിന് കാരണമായി. ആട്ടിറച്ചി കിലോയ്ക്ക് 100 രൂപ വരെ കൂടിയിട്ടുണ്ട്.

അയലക്കും മത്തിക്കും കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടി വിലയാണിപ്പോള്‍. നെയ്മീന്‍, കരിമീന്‍ എന്നിവയ്ക്കും വില കയറിയിട്ടുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മീന്‍ 30 ശതമാനം കുറഞ്ഞു. കേരളത്തിലെ ട്രോളിങ് നിരോധനത്തോടെ വില ഇനിയും ഉയര്‍ന്നേക്കും.

പച്ചക്കറി വിളവിറക്കുന്ന കാലത്ത് കൊടും വേനലും വിളവെടുപ്പ് സമയത്ത് മഴയുമായതോടെ ഉത്പാദനം കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമായി. മേയിലെ അപേക്ഷിച്ച് എല്ലാ പച്ചക്കറിക്കും 30 ശതമാനത്തിലേറെ വില ഉയര്‍ന്നു. തക്കാളിയും ബീറ്റ്‌റൂട്ടുമാണ് വില കാര്യമായി കൂടാത്ത ഇനങ്ങള്‍. തേങ്ങവില ഉയര്‍ന്നതോടെ വെളിച്ചെണ്ണക്കും വില കൂടിയിരിക്കുകയാണ്.

അതേ സമയം വിലകയറ്റം ചില വ്യാപാരികള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചു. ലീഗല്‍ മെട്രോളജി കര്‍ശന പരിശോന നടത്തി വരികയാണ്. സര്‍ക്കാര്‍ ചന്തകള്‍ വഴി കുറഞ്ഞ വിലക്ക് അരി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പയര്‍ ഇനങ്ങള്‍ക്കടക്കം ഭൂരിപക്ഷം ഉല്‍പ്പന്നങ്ങള്‍ക്കും ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വിലകുറഞ്ഞിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.